Quantcast

"കാശ് വാങ്ങി സീറ്റ് തരാതെ പാര്‍ട്ടി കളിയാക്കി വിട്ടു"; പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്

"പാർട്ടി നേതാക്കൾ 50 ലക്ഷം രൂപ ചോദിച്ചു. ഇതിനോടകം തന്നെ ഞാന്‍ നാലര ലക്ഷം നൽകി"

MediaOne Logo

Web Desk

  • Updated:

    2022-01-14 16:00:02.0

Published:

14 Jan 2022 3:50 PM GMT

കാശ് വാങ്ങി സീറ്റ് തരാതെ പാര്‍ട്ടി കളിയാക്കി വിട്ടു; പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്
X

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തനിക്ക് സീറ്റ് നൽകില്ലെന്ന് അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്. ബി.എസ്.പി നേതാവായ അർഷദ് റാണയാണ് ദുഖം സഹിക്കാനാവാതെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്. തന്നെ പാർട്ടി നേതാക്കൾ കളിയാക്കി വിടുകയായിരുന്നു എന്ന് അർഷാദ് റാണ പറഞ്ഞു.

പാർട്ടി നേതാക്കൾ 50 ലക്ഷം രൂപ ചോദിച്ചുവെന്നും ഇതിനോടകം തന്നെ താന്‍ നാലര ലക്ഷം നൽകിയെന്നും അര്‍ഷദ് റാണ പറഞ്ഞു. ചർത്താവാൽ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പാർട്ടി 2018 ല്‍ ഉറപ്പു നല്‍കിയിരുന്നതായും എന്നാൽ ഇപ്പോൾ പാർട്ടി മാറ്റിപ്പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചർത്താവാൽ മണ്ഡലത്തിൽ ബി.എസ്.പി മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് അർഷദ് റാണ പൊട്ടിക്കരഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 24 വർഷമായി താൻ പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുകയാണെന്നും എന്നാൽ പാർട്ടി തന്നോട് ചെയ്തത് ശരിയായില്ലെന്നും അർഷദ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ബി.എസ്.പി അധ്യക്ഷ മായാവതി ബി.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഈ അടുത്തിടെ കോൺഗ്രസ് വിട്ട് ബി.എസ്.പി യിൽ ചേർന്ന സൽമാൻ സഈദാണ് ചർത്താവാലിൽ നിന്ന് ബി.എസ്.പി ടിക്കറ്റിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ മുൻ ആഭ്യന്തര മന്ത്രി സഈദുസ്സമാന്റെ മകനാണ് സൽമാൻ സഈദ്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പ്.

TAGS :

Next Story