'കേന്ദ്രത്തിനെതിരായ വിമർശനങ്ങളെ വഴിതിരിച്ചുവിടാൻ നീക്കം'; പെരിയാറിനെതിരായ പരാമർശത്തിൽ നിർമല സീതാരാമനെതിരെ വിജയ്
സംവരണത്തിനായി വാദിക്കുന്നതിൽ പെരിയാറിന്റെ ദീർഘവീക്ഷണത്തെയും വിജയ് ചൂണ്ടിക്കാട്ടി.

ചെന്നൈ: സാമൂഹിക പരിഷ്‌കർത്താവായ പെരിയാറിനെതിരായ പരാമർശങ്ങളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളെ വഴിതിരിച്ചുവിടാനാണ് ബിജെപി പെരിയാറിന്റെ പേര് ഉപയോഗിക്കുന്നതെന്ന് വിജയ് പറഞ്ഞു. പെരിയാർ എങ്ങനെയാണ് ശൈശവ വിവാഹത്തെ എതിർത്തത്, വിധവാ വിവാഹത്തെ അനുകൂലിച്ചത്, ജാതിയതിക്രമങ്ങളെ എതിർത്തത് എന്ന് പരിശോധിച്ച് നമുക്ക് മുന്നോട്ടുപോകാമെന്നും വിജയ് പറഞ്ഞു.
സംവരണത്തിനായി വാദിക്കുന്നതിൽ പെരിയാറിന്റെ ദീർഘവീക്ഷണത്തെയും വിജയ് ചൂണ്ടിക്കാട്ടി. 'ആളുകൾ ഇപ്പോൾ സംസാരിക്കുന്ന സാമൂഹിക നീതിക്കായുള്ള സംവരണത്തെക്കുറിച്ച് നൂറു വർഷങ്ങൾക്ക് മുമ്പ് സംസാരിച്ചതിനാൽ തന്നെ ആളുകൾ ഇപ്പോഴും അദ്ദേഹത്തെ പ്രശംസിക്കുന്നു'- വിജയ് പറഞ്ഞു. പെരിയാർ ഇന്നും പ്രസക്തനാണെന്നും വിജയ് വ്യക്തമാക്കി. 'ഇന്നും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ മറയ്ക്കാൻ പെരിയാറിനെ ഉപയോഗിക്കുന്നു. തമിഴ്നാട് ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ഇത് പര്യാപ്തമല്ലേ?'- വിജയ് ചോദിച്ചു.
ലോക്സഭയിൽ നിർമല സീതാരാമൻ നടത്തിയ പരാമർശങ്ങളാണ് നടന്റെ വിമർശനത്തിനാധാരം. പെരിയാറിനെ ആരാധിക്കുന്നതിലുള്ള കാപട്യമാണ് ഡിഎംകെയുടെ നിലപാടെന്ന് ധനമന്ത്രി ആരോപിച്ചു. അദ്ദേഹത്തിന്റെ പേര് നേരിട്ട് പറയാതെ, 'ഞാൻ അദ്ദേഹത്തിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ആ ഭാഗങ്ങൾ വായിക്കുന്ന നിമിഷം, തമിഴിനെ നേരിയ പരിചയമുള്ള ആർക്കും ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാകും'- ധനമന്ത്രി പറഞ്ഞു. തമിഴിനെക്കുറിച്ച് അവഹേളനപരമായി സംസാരിച്ച ഒരു വ്യക്തിയെ ഡിഎംകെ ആരാധിക്കുകയാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 'അദ്ദേഹം നമ്മുടെ ദ്രാവിഡ ഐക്കൺ ആണെന്നും അവർ പറയും'- നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.
'തമിഴ് ഒരു പ്രാകൃത ഭാഷയാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരാളുടെ ഫോട്ടോ എല്ലാ മുറികളിലും സൂക്ഷിക്കുന്നു, അദ്ദേഹത്തെ മാല അണിയിക്കുകയും ആരാധിക്കുകയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രതീകമാണെന്ന് പറയുകയും ചെയ്യുന്നു. അവരുടെ കാപട്യം നോക്കൂ'- ധനമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഈ പരാമർശങ്ങൾ വീണ്ടും തിരികൊളുത്തി. ഡിഎംകെ തമിഴ്‌നാട്ടിലെ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. ഡിഎംകെ ആദ്യം എൻഇപിയോട് യോജിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ പിന്നോട്ടുപോയെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാൽ, 'എൻഇപിയെ അംഗീകരിക്കാൻ കഴിയില്ലെന്നും ത്രിഭാഷാ ഫോർമുല തമിഴ്‌നാടിന് സ്വീകാര്യമല്ലെന്നും' വ്യക്തമാക്കി ഡിഎംകെ ഈ ആരോപണങ്ങളെ എതിർത്തു. നയം നടപ്പാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കേന്ദ്രത്തിന് വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവയ്ക്കാൻ കഴിയില്ലെന്നും പാർട്ടി ഉറപ്പിച്ചു പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 10,000 കോടി നൽകിയാലും തമിഴ്നാട്ടിൽ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം എന്നിവയിൽ തമിഴ്‌നാട് മുൻനിരയിലാണെന്ന് സ്റ്റാലിൻ പറഞ്ഞു. തടസങ്ങൾ കുറവായിരുന്നെങ്കിൽ സംസ്ഥാനത്തിന് ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമായിരുന്നെന്നും ചെങ്കൽപ്പട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
Adjust Story Font
16