Quantcast

പളനി ക്ഷേത്ര പ്രസാദത്തിൽ പുരുഷ വന്ധ്യതയുണ്ടാക്കുന്ന മരുന്ന് കലർത്തിയെന്ന് വ്യാജ പ്രചാരണം; തമിഴ് സംവിധായകൻ അറസ്റ്റിൽ

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു സംവിധായകന്റെ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2024-09-24 12:50:30.0

Published:

24 Sep 2024 10:20 AM GMT

പളനി ക്ഷേത്ര പ്രസാദത്തിൽ പുരുഷ വന്ധ്യതയുണ്ടാക്കുന്ന മരുന്ന് കലർത്തിയെന്ന്   വ്യാജ പ്രചാരണം; തമിഴ് സംവിധായകൻ അറസ്റ്റിൽ
X

ചെന്നൈ: പ്രശസ്തമായ പളനി ക്ഷേത്രത്തിലെ പ്രസാദത്തിൽ പുരുഷന്മാർക്ക് വന്ധ്യതയുണ്ടാക്കുന്ന മരുന്ന് കലർത്തിയെന്ന വ്യാജ പ്രചാരണത്തിൽ തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. ക്ഷേത്രത്തിൽ വിശ്വാസികൾക്ക് വിതരണം ചെയ്യുന്ന പഞ്ചാമൃദ (പ്രസാദം)ത്തിൽ പുരുഷ വന്ധ്യതയുണ്ടാക്കുന്ന പ്രത്യേകതരം മരുന്ന് കലർത്തുന്നു എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇയാളുടെ വാദം.

ആന്ധ്രയിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു സംവിധായകന്റെ പരാമർശം. ഇത് വിവാദമാവുകയും വിശ്വാസികൾക്കിടിൽ വൻ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാവിലെ ചെന്നൈ കാസിമേട്ടിലെ വസതിയിൽനിന്നാണ് മോഹനെ പൊലീസ് അറസ്റ്റ് ചെയ്തത്.

'പുരുഷന്മാരെ വന്ധ്യതയിലേക്ക് നയിക്കുന്ന മരുന്ന് പഞ്ചാമൃതത്തിൽ കലർത്തിയെന്ന വിവരം ഞാൻ കേട്ടു. ആ വാർത്ത അധികൃതർ മറച്ചുവയ്ക്കുകയും പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമുക്ക് തെളിവില്ലാതെ പറയാനാവില്ല, പക്ഷേ അവരാരും ഇതിൽ കൃത്യമായ വിശദീകരണം നൽകിയില്ല. ഈ ഗർഭനിരോധന ഗുളികകൾ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണമാണ്'- എന്നായിരുന്നു ഇയാളുടെ വാക്കുകൾ.

പ്രചാരണം തള്ളി രം​ഗത്തെത്തിയ തമിഴ്‌നാട് ഹിന്ദുമത-ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് മന്ത്രി ശേഖർ ബാബു, പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

അതേസമയം, സംഭവത്തിൽ സംവിധായകനെ പിന്തുണച്ച് തമിഴ്നാട് ബിജെപി രം​ഗത്തെത്തി. മോഹന്റെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി നേതാവ് അശ്വഥാമൻ പറഞ്ഞു. അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ച് സംവിധായകൻ്റെ കുടുംബത്തെയും അറിയിച്ചിട്ടില്ലെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.

2016ൽ പഴയ വണ്ണാരപ്പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് മോഹൻ ജി തൻ്റെ സംവിധായക കരിയർ ആരംഭിച്ചത്. തുടർന്ന് 2020ൽ സംവിധാനം ചെയ്ത ദ്രൗപതി എന്ന ചിത്രം ഹിറ്റായി. തുടർന്ന് 2021ൽ രുദ്രതാണ്ഡവം, 2022ൽ ബ​ഗാസുരൻ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

തിരുപ്പതി ലഡു നിർമിച്ച എആർ ഡയറിയിൽ നിന്നുള്ള നെയ്യ് പളനിയിലെ അരുൾമിഗു ദണ്ഡായുതപാണിസ്വാമി ക്ഷേത്രത്തിലേക്ക് നൽകിയെന്ന ആരോപണവുമായി നേരത്തെ ബിജെപി നേതാക്കളായ സെൽവകുമാർ, വിനോജ് പി സെൽവം എന്നിവർ രം​ഗത്തെത്തിയിരുന്നു. ആരോപണം നിഷേധിച്ച് രം​ഗത്തെത്തിയ മന്ത്രി ശേഖർ ബാബു, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഉയർന്ന ഗുണമേന്മയുള്ള പഞ്ചാമൃതമാണ് ക്ഷേത്രത്തിൽ നൽകുന്നതെന്നും ആവശ്യമായ പരിശോധനകളെല്ലാം നിരന്തരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി നേതാക്കൾക്കെതിരെ സംസ്ഥാനത്തെ ക്ഷേത്ര ഭരണം നിയന്ത്രിക്കുന്ന തമിഴ്‌നാട് സർക്കാർ സ്ഥാപനമായ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ്സിഇ) ആണ് പരാതി നൽകുകയും ചെയ്തിരുന്നു.

ആന്ധ്രയിൽ ​ജ​ഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ, ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ടിഡിപി വക്താവ് പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിന്റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു. എന്നാൽ, വൈഎസ്ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.





TAGS :

Next Story