തമിഴ്നാടും യു.പിയും ബി.ജെ.പിയെ തുരത്തിയപ്പോൾ
ഇൻഡ്യാമുന്നണിയുടെ നില മെച്ചപ്പെടുത്തിയതിൽ ഇരു സംസ്ഥാനങ്ങളിലെയും സീറ്റ് നില നിർണായകമാണ്
അധികാര രാഷ്ട്രിയത്തിൽ മാത്രമല്ല ഭൂമിശാസ്ത്രപരമായി പോലും വലിയ അന്തരമുള്ള സംസ്ഥാനമാണ് തമിഴ്നാടും ഉത്തർപ്രദേശും. ഇരുസംസ്ഥാനങ്ങളിലെ ഇൻഡ്യാ മുന്നണിയും വോട്ടർമാരും സ്വീകരിച്ച നിലപാടാണ് ചർച്ചയാകുന്നത്. ഇൻഡ്യാമുന്നണിയുടെ നില മെച്ചപ്പെടുത്തിയതിൽ ഇരു സംസ്ഥാനങ്ങളിലെയും സീറ്റ് നില നിർണായകമാണ്.
പ്രതിശീർഷ വരുമാനത്തിലടക്കം വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ തീരപ്രദേശമായ തമിഴ്നാട് വ്യവസായ-നിർമാണ മേഖലയിലടക്കം രാജ്യത്ത് തന്നെ മുൻനിരയിലാണ്. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദ്യത്യനാഥ് അടക്കമുള്ളവർ മതവും വർഗീയതയും ഹിന്ദുത്വ വാദവും ഉയർത്തിയാണ് യു.പിയിൽ അധികാരത്തിലെത്തിയത്. അതെ രാഷ്ട്രിയമാണ് മോദിയും-അമിത്ഷായുമടക്കം യു.പിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പയറ്റിയത്. ഡി.എം.കെ നേതാവായ എം.കെ സ്റ്റാലിനാണ് തമിഴ്നാട് മുഖ്യമന്ത്രി.ഇൻഡ്യാ മുന്നണിയിലെ മുതിർന്ന നേതാവായ സ്റ്റാലിൻ മുന്നോട്ട് വെക്കുന്നത് മതേതരത്വവും ബഹുസ്വരതയുമാണ്.
തീർത്തും വിത്യസ്‍തമായ ഇരു സംസ്ഥാനങ്ങളും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയതും കൗതുകമാണ്. തമിഴ്നാട്ടിൽ ഡി.എം.കെ സ്ഥാനാർഥികൾ മികച്ച ജയമാണ് കാഴ്ചവെച്ചത്. മിക്കയിടത്തും ഡി.എം.കെയോട് പരാജയമറിഞ്ഞത് ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളുമായിരുന്നു. എന്നാൽ യുപിയിൽ ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയും സഖ്യകക്ഷികളും സമാജ്‍വാദിപാർട്ടിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സഖ്യത്തിന് കനത്തപരാജയമാണ് സമ്മാനിച്ചത്.
അഞ്ച് വർഷത്തിനിപ്പുറം വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യു.പിയുടെയും തമിഴ്നാടിന്റെയും ഫലങ്ങളിൽ ചില സമാനതകളുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിലാണ് മത്സരിച്ച് ജയിച്ചത്.ഹിന്ദുത്വ അജണ്ടയുമായെത്തിയ ബി.ജെ.പിക്ക് നിലംതൊടാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പി- എഐഎഡിഎംകെ സഖ്യമില്ലാതായതാണ് തിരിച്ചടിയായതെന്ന് അവകാശപ്പെടാമെങ്കിലും കിട്ടിയ വോട്ട് നില പരിശോധിക്കുമ്പോൾ ഹിന്ദുത്വ രാഷ്ട്രിയത്തെ ജനം തിരസ്കരിച്ചുവെന്ന് തന്നെയാണ് പറയുന്നത്.
സാമുഹ്യനീതിയായിരുന്നു ഡി.എം.കെ മുന്നോട്ട് വെച്ചത്. ഇത് തന്നെയായിരുന്നു ഇൻഡ്യാ സഖ്യത്തിലെ മിക്ക പാർട്ടികളുടെയും അജണ്ട. സാമ്പത്തിക നീതിയും, തുല്യതയും,പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനവുമൊക്കെയായി ഘടകക്ഷികൾക്ക് പരസ്പരം ഐക്യപ്പെടാവുന്ന അജണ്ടകൾ നിരവധിയായിരുന്നു. അതിനൊപ്പം ജനം നിന്നതോടെ ബി.ജെ.പിയുടെ വർഗീയ അജണ്ടകളയെല്ലാം തമിഴകം പൂർണമായും തള്ളി.
അതേസമയം ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടി- കോൺഗ്രസ് സഖ്യം ഡി.എം.കെ തമിഴ്നാട്ടിലുയർത്തിയ സാമൂഹ്യനീതിയുടെ മറ്റൊരു രാഷ്ട്രിയമാണ് മുന്നോട്ട് വെച്ചത്. പിന്നാക്കക്കാർ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ എന്നിവരെ ചേർത്ത് പിടിക്കാനാണ് മുന്നണി ശ്രമിച്ചത്.യാദവ-മുസ്‌ലിം അടിത്തറയ്ക്കൊപ്പം വിവിധ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നിർത്തിയുള്ള പരീക്ഷണവും വിജയം കണ്ടു.
ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും,ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതിൽ യോഗി സർക്കാറിന്റെ നിലപാടിനോടുള്ള ജനവിധിയെഴുത്തായിരുന്നു യു.പിയിൽ കണ്ടത്. ഇതിനെ മറികടക്കാൻ വർഗീയതയും മതവും നുണയും പ്രചാരണ വിഷയമാക്കിയിട്ടും അയോധ്യയും രാമക്ഷേത്രവും ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും ബി.ജെ.പിക്ക് പരാജയമറിയേണ്ടി വന്നു.
വർഷങ്ങൾക്ക് ശേഷം യു.പിയിൽ കോൺഗ്രസ് ആറ് സീറ്റുകൾ നേടിയപ്പോൾ 80 ൽ 37 സീറ്റുകളാണ് എസ്.പി നേടിയത്.യുപിയിൽ നേടിയ 43 സീറ്റുകൾക്കൊപ്പം തമിഴ്‌നാട്ടിൽ സീറ്റുകൾ തൂത്തുവാരിയതും ഇൻഡ്യാ മുന്നണിയുടെ നില മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലും ഇൻഡ്യാ മുന്നണി മുന്നോട്ട് വെച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയമാണ് ജനങ്ങളേറ്റെടുത്തത്,തിരസ്കരിച്ചത് ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തന്നെയാണ്.
Adjust Story Font
16