Quantcast

പൊന്നാടയും പൂച്ചെണ്ടുമുണ്ടെങ്കിൽ പരിപാടിക്ക് വരില്ല: തമിഴ്‌നാട് ആരോഗ്യമന്ത്രി

ആശുപത്രിയിലെ ചടങ്ങിനെത്തുക എന്നത് തന്റെ കർത്തവ്യത്തിന്റെ ഭാഗമാണെന്നും പൂച്ചെണ്ടും പൊന്നാടയുമടക്കമുള്ളവ ഉള്ള പരിപാടികളിൽ താൻ സംബന്ധിക്കില്ലെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-07-20 11:49:09.0

Published:

20 July 2022 10:46 AM GMT

പൊന്നാടയും പൂച്ചെണ്ടുമുണ്ടെങ്കിൽ പരിപാടിക്ക് വരില്ല: തമിഴ്‌നാട് ആരോഗ്യമന്ത്രി
X

ചെന്നൈ: ആദരസൂചകമായി പൂച്ചെണ്ടും പൊന്നാടയുമുണ്ടെങ്കിൽ സർക്കാർ പരിപാടികൾക്ക് തന്നെ ക്ഷണിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യൻ. ജനപ്രതിനിധികളെ ആദരിക്കാനുള്ള തുക എടുക്കുന്നത് പൊതുഫണ്ടിൽ നിന്നാണ്. ഇത് യോഗ്യമായ പ്രവൃത്തിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. സംസ്ഥാനത്തെ 36 മെഡിക്കൽ കോളേജുകളും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ നടന്ന ദേശീയ പ്ലാസ്റ്റിക് വിജ്ഞാന ചികിത്സാ ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. തന്നെ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൂച്ചെണ്ടും ഷാളും നൽകിയപ്പോൾ മന്ത്രി അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ആശുപത്രിയിലെ ചടങ്ങിനെത്തുക എന്നത് തന്റെ കർത്തവ്യത്തിന്റെ ഭാഗമാണെന്നും പൂച്ചെണ്ടും പൊന്നാടയുമടക്കമുള്ളവ ഉള്ള പരിപാടികളിൽ താൻ സംബന്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകനായ എം.എ സുബ്രമണ്യൻ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ മുതിർന്ന നേതാവാണ്. 1976-ൽ പാർട്ടിയിൽ ചേർന്ന അദ്ദേഹം ചെന്നൈ കോർപറേഷൻ മേയർ ആയിരുന്നിട്ടുണ്ട്. കഴിഞ്ഞ വർഷം, മകളുടെ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന ദമ്പതികൾക്ക് സുബ്രമണ്യൻ എം.എൽ.എ ഹോസ്റ്റലിലെ തന്റെ മുറിയും ഒരു മാസത്തെ റേഷനും വിട്ടുനൽകിയിരുന്നു.

Also Read:സനാതൻ ധർമ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് തമിഴ്നാട് ഗവർണർ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.എം.കെ

TAGS :

Next Story