മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി; കോഹ്‍ലിയുടെ റസ്റ്റോറന്‍റില്‍ പ്രവേശിപ്പിച്ചില്ലെന്ന് തമിഴ് യുവാവ്
ജൂഹുവിലുള്ള വണ്‍ 8 കമ്മ്യൂണ്‍ എന്ന റസ്റ്റോറന്‍റിനു മുന്നില്‍ നിന്നുള്ള വീഡിയോയും തമിഴ്നാട് സ്വദേശിയായ യുവാവ് പങ്കുവച്ചിട്ടുണ്ട്
യുവാവിന്‍റെ വീഡിയോയില്‍ നിന്ന്
മുംബൈ: വസ്ത്രധാരണത്തിന്‍റെ പേരില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ മുംബൈയിലെ റസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി യുവാവ്. ജൂഹുവിലുള്ള വണ്‍ 8 കമ്മ്യൂണ്‍ എന്ന റസ്റ്റോറന്‍റിനു മുന്നില്‍ നിന്നുള്ള വീഡിയോയും തമിഴ്നാട് സ്വദേശിയായ യുവാവ് പങ്കുവച്ചിട്ടുണ്ട്.
യുവാവിന്‍റെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ 1 മില്യണിലധികം പേരാണ് കണ്ടത്. മുംബൈയിലെത്തിയ യുവാവ് ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ പോയി ചെക്ക് ഇന്‍ ചെയ്ത ശേഷം ഉടന്‍ തന്നെ വണ്‍ 8 കമ്മ്യൂണിന്‍റെ ജൂഹുവിലുള്ള റസ്റ്റോറന്‍റിലെത്തിയതായി യുവാവ് വീഡിയോയില്‍ പറയുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് എത്തിയത്. എന്നാല്‍ തന്‍റെ വസ്ത്രം കണ്ട ഹോട്ടല്‍ ജീവനക്കാര്‍ തന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് യുവാവ് ആരോപിക്കുന്നു. റസ്റ്റോറന്‍റിന്‍റെ ഡ്രസ് കോഡിന് യോജിക്കുന്നതല്ലെന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്.
സമ്മിശ്രപ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. ചിലര്‍ ഇത് സംസ്കാരത്തോടുള്ള അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു ചിലര്‍ യുവാവ് റസ്റ്റോറന്‍റിന്‍റെ ഡ്രസ് കോഡ് പാലിക്കേണ്ടതായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സംസ്കാരത്തോടുള്ള അവഹേളനമല്ലെന്നും താന്‍ ഷോര്‍ട്സും സ്ലിപ്പറും ധരിച്ചെത്തിയപ്പോള്‍ റസ്റ്റോറന്‍റില്‍ പ്രവേശിപ്പിച്ചില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു. ''സംഭവത്തില്‍ വിരാട് ഉത്തരവാദിയല്ല. അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ഉത്തരവാദികള്‍. ഈ പ്രശ്നം അവിടെയുള്ള മാനേജരെ അറിയിച്ചാൽ പരിഹരിക്കാമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഇത്ര റീച്ചുണ്ടാകില്ലല്ലോ'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Person with Veshti was not allowed in @imVkohli 's Restaurant
— உன்னைப்போல் ஒருவன் (@Sandy_Offfl) December 2, 2023
Very nice da👌 pic.twitter.com/oTNGVqzaIz
Adjust Story Font
16