Quantcast

ജാമ്യഹരജി കോടതി തള്ളി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ

സെന്തിൽ ബാലാജിയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-16 16:15:32.0

Published:

16 Jun 2023 1:58 PM GMT

Tamil Nadu minister Senthil Balaji ED custody, Senthil Balaji ED custody, Senthil Balaji case, ED case
X

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ചെന്നൈ സെഷൻസ് കോടതിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മന്ത്രിയുടെ ജാമ്യഹരജി കോടതി തള്ളി.

ഇ.ഡിക്ക് മന്ത്രിയെ ചോദ്യംചെയ്യാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ, സെന്തിലിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി.

അതേസമയം, സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ പേരുള്ള ആളായതിനാൽ സെന്തിൽ മന്ത്രിസഭയിൽ തുടരുന്നത് ശരിയല്ല. മന്ത്രിയുടെ വകുപ്പുകൾ മാറ്റിനൽകിയതിന് ഗവർണർ അംഗീകാരം നൽകി. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് മാറ്റിനൽകാനുള്ള എം.കെ സ്റ്റാലിന്റെ തീരുമാനത്തിനാണ് ഗവർണർ അംഗീകാരം നൽകിയത്.

സെന്തിൽ ബാലാജിയെ നേരത്തെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ. നിഷ ബാനു, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മന്ത്രിയെ ഇ.ഡിക്ക് താത്പര്യമുള്ള ഡോക്ടർമാരെ കൊണ്ട് പരിശോധിപ്പിക്കാമെന്നും ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ബാലാജി സ്വന്തം നിലയ്ക്ക് വഹിക്കണമെന്നും കോടതി നിർദേശിച്ചു. സുരക്ഷയ്ക്കായി ആശുപത്രിയിൽ 50ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സർജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ചെന്നൈയിലെ ഓമന്ദൂരാർ എസ്റ്റേറ്റിലെ തമിഴ്നാട് സർക്കാർ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചത്.

നേരത്തെ, ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സെന്തിൽ ബാലാജിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി. ഷൺമുഖം, എം. കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ ജൂൺ 28 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Summary: The Enforcement Directorate has been granted a custody of 8 days of arrested Tamil Nadu minister Senthil Balaji, by a principal sessions court at Chennai

TAGS :

Next Story