ഭാര്യയെ 120 പേർ ക്രൂരമായി മർദിച്ചെന്ന് സൈനികന്‍; വെറും കെട്ടുകഥയെന്ന് പൊലീസ്
സൈനികനും കുടുംബത്തിനും പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ രംഗത്തെത്തിയിരുന്നു
ചെന്നൈ: കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികന്റെ ഭാര്യയെ അർദ്ധനഗ്‌നയാക്കി 120 ഓളം വരുന്ന ജനക്കൂട്ടം ആക്രമിച്ചെന്ന് പരാതി. സൈനികൻ തന്നെയാണ് വീഡിയോയിലൂടെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കടവാസലിലാണ് സംഭവം നടന്നത്. തന്റെ കുടുംബം തമിഴ്‌നാട്ടിൽ സുരക്ഷിതരല്ലെന്നും സൈനികനായ പ്രഭാകരൻ ആരോപിക്കുന്നത്. വിരമിച്ച ആർമി ഓഫീസർ ലെഫ്റ്റനന്റ് കേണല് ത്യാഗരാജനാണ് പ്രഭാകരന്റെ വീഡിയോ പുറത്ത് വിട്ടത്.
തമിഴ്‌നാട് പടവേട് സ്വദേശിയാണ് പ്രഭാകരൻ. തന്റെ കുടുംബത്തിന് തമിഴ്നാട്ടിൽ സുരക്ഷയില്ലെന്നും പ്രഭാകരൻ വീഡിയോയിലൂടെ ആരോപിച്ചു. പോലൂർ താലൂക്കിന് സമീപം പടവേട് ഗ്രാമത്തിൽ വാടകയ്ക്ക് എടുത്ത കടയെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സൈനികന്റെ ആരോപണം. 120 ഓളം പേർ ചേർന്ന് ഭാര്യയെ മർദിക്കുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഭാര്യയെ അർധ നഗ്നയായാണ് മർദിച്ചത്. കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സൈനികൻ പറയുന്നു. ഇതുസംബന്ധിച്ച് താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. സൈനികന് പിന്തുണയുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തി. വീഡിയോ കണ്ട ഉടനെ ജവാന്റെ കുടുംബത്തെ ബന്ധപ്പെടാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതായി ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ ട്വീറ്റിന് മറുപടി നൽകി.
'അവരുടെ കഥ കേട്ടപ്പോൾ ശരിക്കും ഹൃദയവേദനയുണ്ടായി. നമ്മുടെ തമിഴ് മണ്ണിൽ ആ യുവതിക്ക് ഇങ്ങനെ സംഭവിച്ചതിൽ എനിക്ക ലജ്ജ തോന്നി. വെല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അവർക്ക് ബി.ജെ.പി എല്ലാ സഹായവും നൽകുമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു. സൈനികന്റെയും കുടുംബത്തിനും എല്ലാ സഹായം ചെയ്യുമെന്നു അദ്ദേഹത്തിന്റെ ഭാര്യക്ക് നീതി ലഭിക്കാനായി പാർട്ടി ഒപ്പം നിൽക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
എന്നാൽ സൈനികന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. ജവാൻ ഉന്നയിച്ച പോലെയുള്ള സംഭവങ്ങൾ അവിടെ നടന്നിട്ടില്ലെന്ന് തിരുവണ്ണാമലൈ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുറച്ചാളുകൾ കടയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ വലിച്ചെറിഞ്ഞെങ്കിലും അവർ സൈനികന്റെ ഭാര്യയെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
വീഡിയോ പുറത്തുവന്നതോടെ പ്രാഥമിക അന്വേഷണം നടത്തിയതായി പൊലീസ് അറിയിച്ചു. അഞ്ച് വർഷം മുമ്പ് സൈനികന്റെ ഭാര്യപിതാവായ സത്യമൂർത്തി ഒരു കട പാട്ടത്തിനെടുത്തിരുന്നു. 3000 രൂപയാണ് മാസവാടകയായി നൽകിയിരുന്നത്. സ്ഥലത്തിന്റെ ഉടമ കുമാർ മരിച്ചതിന് പിന്നാലെ അയാളുടെ മകൻ രാമു കട ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടു. ഇതുപ്രകാരം ഫെബ്രുവരി 10 ന്ഇരുകൂട്ടരും കരാർ ഒപ്പിടുകയും ചെയ്തു. പാട്ടത്തിനെടുക്കുമ്പോൾ നൽകിയ തുക ഉടമയുടെ മകൻ സൈനികന്റെ ഭാര്യാപിതാവിന് നൽകുകയും ചെയ്തു. എന്നാൽ, പലതവണ ശ്രമിച്ചിട്ടും പണം വാങ്ങി കട ഒഴിയാൻ സൈനികന്റെ ഭാര്യാപിതാവും കുടുംബവും തയ്യാറായില്ല. തുടർന്ന് ജൂൺ 10ന് കടയിലെത്തിയ രാമു ഉടൻ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടു.
തുടർന്ന് വാക്കേറ്റമുണ്ടാകുകയും സെൽവമൂർത്തിയുടെ മകൻ ജീവ രാമുവിനെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു. ഈ സമയത്ത് അവിടെയെത്തിയ രാമുവിനെ പിന്തുണച്ചെത്തിയ നാട്ടുകാർ കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു.എന്നാൽ സൈനികൻ ആരോപിക്കുന്ന പോലെ ഭാര്യയും അവരുടെ അമ്മയും ആക്രമിക്കപ്പെട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രഭാകരന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരായ ഹരിഹരൻ (30), സെൽവരാജ് (50) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
Adjust Story Font
16