തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം
ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രനാണ് ഒരു വോട്ട് മാത്രം കിട്ടിയത്.
തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം വന്ന ശേഷം നരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
''ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നു''-നരേന്ദ്രൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.എം.കെ വൻ മുന്നേറ്റമാണ് നടത്തുന്നത്. പ്രധാന എതിരാളിയായ എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്. ബി.ജെ.പിയുടെ നിലയും പരിതാപകരമാണ്. ഫലം പ്രഖ്യാപിച്ച 100 മുൻസിപ്പാലിറ്റികളിലെ 344 കൗൺസിലർമാരിൽ 253 ഡി.എം.കെ സ്ഥാനാർഥികളാണ് ജയിച്ചത്. എ.ഐ.എ.ഡി.എം.കെ 71 സീറ്റുകളിലും ഒറ്റക്ക് മത്സരിച്ച ഡി.എം.ഡി.കെ മൂന്ന് സീറ്റിലും വിജയിച്ചു.
മുസ്ലിം ലീഗ് 29 സീറ്റുകൾ നേടി. വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ വിജയിച്ചു. സി.പി.എം 33 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളിൽ വിജയിച്ചു.
Adjust Story Font
16