സ്വപ്ന ബൈക്ക് വാങ്ങാൻ ഒറ്റരൂപ നാണയങ്ങൾ സ്വരുക്കൂട്ടി യുവാവ്; രണ്ടര ലക്ഷം എണ്ണാനെടുത്തത് 10 മണിക്കൂർ
ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി മിനി വാനിലായിരുന്നു ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്.
വര്‍ഷങ്ങളോളം ഒരു രൂപ നാണയം കൂട്ടിവെച്ച് സ്വപ്നംകണ്ട ആഡംബര ബൈക്ക് സ്വന്തമാക്കി യുവാവ്. 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനോര്‍ 400 സിസി ബൈക്കാണ് തമിഴ്നാട് സേലം സ്വദേശിയായ ഭൂപതി സ്വന്തമാക്കിയത്. എന്നാല്‍ ഷോറൂം ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണിയാണ് യുവാവ് കൊടുത്തത്. പത്തുമണിക്കൂറെടുത്തായിരുന്നു അവര്‍ ഒരു രൂപ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ബൈക്ക് വാങ്ങാനുള്ള സ്വപ്നവുമായി ഭൂപതി ഒറ്റ രൂപ നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി മിനി വാനിലായിരുന്നു ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്. ബി.സി.എ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നയാളാണ്. ഇതിനൊപ്പം ഒരു യുട്യൂബ് ചാനലും ഇയാള്‍ക്കുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈക്കിന് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് ബജാജ് ഷോറൂമിലെത്തി ഭൂപതി വിലവിവരം അന്വേഷിച്ചിരുന്നു. അന്ന് അത്രയും കാശ് കയ്യിലില്ലാത്തതിനാല്‍ ബൈക്ക് വാങ്ങാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് ഭൂപതി പണം നീക്കിവെക്കാന്‍ തുടങ്ങിയത്. ആദ്യം മുതല്‍ തന്നെ ഒരു രൂപ വീതമായിരുന്നു കരുതിയിരുന്നതെന്നും ഭൂപതി പറയുന്നു.
Adjust Story Font
16