Quantcast

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യാൻ ടാസ്ക്; നഷ്ടമായത് 15 ലക്ഷം രൂപ

സൈബർ തട്ടിപ്പുകാരിൽ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറ​സ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    1 Jun 2024 12:48 PM GMT

task to like youtube video; 15 lakhs lost
X

ന്യൂ‍ഡൽഹി: യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതിന് പണം നൽകാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ‍ഡൽഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. ഡൽഹിയിലെ മഹാ ലക്ഷ്മി എൻക്ലേവിൽ താമസിക്കുന്ന രാജേഷ് പാലിനെയാണ് വ്യാജസന്ദേശത്തിലൂടെ കബളിപ്പിച്ചത്. രാജേഷിൽ നിന്ന് ഏകദേശം 15.2 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരിൽ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറ​സ്റ്റ് ചെയ്തു.

മൂന്ന് വീഡിയോകൾ ലൈക്ക് ചെയ്തതിന് ശേഷം 150 രൂപ സംഘം പാലിന് കൈമാറിയിരുന്നു. തുടർന്ന് ടെലി​ഗ്രാം ഗ്രൂപ്പിൽ ചേർത്തതിന് ശേഷം ഒരു ടാസ്‌കായി പണം നിക്ഷേപിക്കാൻ പാലിനോട് ആവശ്യപ്പെട്ടു. തുടക്കത്തിൽ 5,000 രൂപയും പിന്നീട് 32,000 രൂപയും പിന്നീട് പല തവണകളിലായി തുക 15.20 ലക്ഷം രൂപയാകുന്നതുവരെ നിക്ഷേപം തുടരുകയായിരുന്നു. മുഴുവൻ തുകയും ഒറ്റയടിക്ക് തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.

കാർ വിൽപ്പനക്കാരനായി ജോലി ചെയ്തിരുന്ന മിശ്ര തൻ്റെ ബാല്യകാല സുഹൃത്തുക്കളുടെയും ക്ലാസ്മേറ്റ്സുകളുടെയും സഹായത്തോടെയാണ് ആളുകളെ കബളിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ താമസസ്ഥലം നിരന്തരം മാറ്റി. രാജേഷിന് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് തട്ടിപ്പുകാർ മനസ്സിലാക്കിയതോടെ പ്രതികൾ അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. 2024 ജനുവരി 19ന് രാജേഷ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഐ.പി.സി 420 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും നോർത്ത്-ഈസ്റ്റ് ജില്ല ഡിസിപി ജോയ് ടിർക്കി പറഞ്ഞു.

വിവിധ അക്കൗണ്ടുകളിലായി തുക നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. ഈവിൾ കളക്ഷൻസ് എന്ന അക്കൗണ്ടിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 1.5 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഡൽഹി, ബിഹാർ, മധ്യപ്രദേശ് എന്നീ പ്രദേശങ്ങൾക്കിടയിൽ അക്കൗണ്ട് ഉടമ നിരന്തരം താമസം മാറുകയായിരുന്നു. ഡൽഹിയിലെ കപഷേര പ്രദേശത്ത് നിന്ന് പ്രസ്തുത അക്കൗണ്ടിൻ്റെ ഇടപാടുകളുടെ ഐപി ലോഗുകളുടെ സ്ഥാനം പൊലീസിന് ലഭിച്ചു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡാണ് ഒടുവിൽ മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത്. അക്കൗണ്ടിലെ തട്ടിപ്പ് തുകയായ 49000 രൂപയും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോണും കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിശ്രയുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story