Quantcast

'നാം ചെയ്യുന്നതിന് നാം തന്നെയാണ് ഉത്തരവാദികൾ'; എയർ ഇന്ത്യ ജീവനക്കാർക്ക് ടാറ്റയുടെ കത്ത്

എയർ ഇന്ത്യ കൈമാറ്റത്തോടെ 12,085 ജീവനക്കാരാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായത്

MediaOne Logo

Web Desk

  • Updated:

    2022-08-29 11:51:31.0

Published:

31 Jan 2022 1:51 PM GMT

നാം ചെയ്യുന്നതിന് നാം തന്നെയാണ് ഉത്തരവാദികൾ; എയർ ഇന്ത്യ ജീവനക്കാർക്ക് ടാറ്റയുടെ കത്ത്
X

എയർ ഇന്ത്യയുടെ കൈമാറ്റം പൂർണമായതോടെ തങ്ങളുടെ ഭാഗമായ എയർ ഇന്ത്യ ജീവനക്കാർക്ക് മൂല്യങ്ങളും പെരുമാറ്റച്ചട്ടവും പരിചയപ്പെടുത്തി ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യാ ജീവനക്കാർക്കായി പ്രത്യേകം അയച്ച കത്തിലാണ് ടാറ്റ കമ്പനിയുടെ മഹത്വവും മൂല്യങ്ങളും ജോലിയുടെ ഉത്തരവാദിത്വവും പരിചയപ്പെടുത്തുന്നത്. സ്ഥാപകൻ ജംഷദ്ജി ടാറ്റ വിഭാവന ചെയ്ത 'ടാറ്റ പെരുമാറ്റച്ചട്ടം' (TCOC) പാലിക്കാൻ ഇപ്പോൾ കമ്പനിയുടെ ഭാഗമായ എയർ ഇന്ത്യ ജീവനക്കാർ ബാധ്യസ്ഥരാണെന്നും പേജുകളോളം വരുന്ന രേഖ വായിച്ച് അംഗീകരിക്കണമെന്നും കത്തിൽ പറയുന്നു.

'പ്രിയ സഹപ്രവർത്തകരേ, നിങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ സാഹചര്യത്തിൽ, എല്ലാ സംരംഭങ്ങളിലും നമ്മെ നയിക്കുന്ന ടാറ്റയുടെ മൂല്യങ്ങളും തത്വങ്ങളും പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു...' എന്നാണ് കത്ത് ആരംഭിക്കുന്നത്. പെരുമാറ്റത്തിലും പ്രകടനത്തിലും വിശ്വസ്തത പുലർത്തുന്ന ബിസിനസ് ഗ്രൂപ്പെന്ന ഖ്യാതി ടാറ്റ സൃഷ്ടിച്ചിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കത്തിൽ പറയുന്നു.


'ടാറ്റ ഗ്രൂപ്പിൽ അംഗമാവുകയെന്നാൽ ആഗോള ബിസിനസിലെ ഏറ്റവും ബഹുമാനവും ഉത്തരവാദിത്തവുമുള്ള പേരിന്റെ ഭാഗമാവുക എന്നാണർത്ഥം. കമ്പനിതലത്തിൽ മാത്രമല്ല, വ്യക്തികളുടെ തലത്തിലും ഈ ഉത്തരവാദിത്തമുണ്ട്. നമ്മുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം വ്യക്തിപരമായും കൂട്ടായും നമുക്കു തന്നെയാണ്.'

'നമ്മൾ നമ്മുടെ ജീവനക്കാരോടും ഉപഭോക്താക്കളോടും സമൂഹത്തോടും പ്രകൃതിയോടും ഓഹരിയുടമകളോടും സർക്കാറിനോടുമെല്ലാമുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്.' ആത്മാർത്ഥത, ഉത്തരവാദിത്തം, ശ്രേഷ്ഠത, മാർഗദർശിത്വം, ഐക്യം എന്നിവയിൽ ഊന്നി ബിസിനസ് ചെയ്യാൻ പെരുമാറ്റച്ചട്ടം പ്രേരകമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ വിമാനക്കമ്പനിയോടൊപ്പം 12,085 ജീവനക്കാരെ കൂടിയാണ് സർക്കാർ ടാറ്റയ്ക്ക് കൈമാറിയത്. ജീവനക്കാരെ കുറഞ്ഞത് ഒരു വർഷമെങ്കിലും നിലനിർത്തണമെന്ന് കൈമാറ്റ വ്യവസ്ഥയിലുണ്ട്. ഇവരുടെ ഗ്രാറ്റുവിറ്റി, പ്രൊവിഡണ്ട് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ തന്നെയാണ് വഹിക്കുന്നത്. നിലവിൽ 7,453 എയർ ഇന്ത്യ ജീവനക്കാർക്ക് ഇ.പി.എഫ് കവറേജുണ്ട്. ഒരു വർഷത്തിനു ശേഷം ജീവനക്കാരെ നിലനിർത്തുന്നില്ലെങ്കിൽ ടാറ്റ ഗ്രൂപ്പ് ഇവരെ വോളണ്ടറി റിട്ടയർമെന്റ് സ്‌കീം (വി.ആർ.എസ്) അനുവദിച്ച് പിരിച്ചുവിടുമെന്നാണ് സൂചന.

Summary: In a welcome letter to Air India employees, Tata group introduces it's values and പ്രിൻസിപ്പൽസ്

ബന്ധപ്പെട്ട വാർത്തകൾ:

TAGS :

Next Story