ആഗ്രയിലെ ഫൂട്ട്‌വെയർ സ്ഥാപനങ്ങളിൽ റെയ്ഡ്; പിടിച്ചെടുത്തത് 40 കോടിയുടെ നോട്ടുകെട്ടുകൾ
ആഗ്രയിലെ മൂന്ന് ഫൂട്ട്‌വെയർ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഫൂട്ട്‌വെയർ വ്യാപാരികളുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണ്ട കാഴ്ച കണ്ട് അമ്പരന്ന് അന്വേഷണ ഉദ്യോഗസ്ഥർ. നഗരത്തിലെ മൂന്ന് ഫൂട്ട്‌വെയർ ഷോറൂമുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 40 കോടി രൂപയുടെ നോട്ടുകെട്ടുകളാണു പിടിച്ചെടുത്തത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മൂന്ന് വ്യാപാരികളുടെ വസതികളിലും കടകളിലും ഐ.ടി സംഘം എത്തിയത്. സുഭാഷ് ബസാറിലെ ബി.കെ ഷൂസ്, ധാക്കാരനിലെ മൻഷു ഫൂട്ട്‌വെയർ, പേരറിയാത്ത മറ്റൊരു സ്ഥാപനം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫൂട്ട്‌വെയർ സ്ഥാപനങ്ങളിലും കടയുടമകളുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ഊർജിതമായ റെയ്ഡ് നടന്നു. ഇതിലാണ് 500 രൂപയുടെ വലിയ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഏകദേശം 40 കോടിയിലേറെ രൂപ കണ്ടെത്തിയതായാണ് ഇൻഡ്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫൂട്ട്‌വെയർ വ്യാപാരികൾ നികുതി വെട്ടിച്ചെന്നും അനധികൃതമായ സ്വത്തുക്കൾ സ്വന്തമാക്കിയെന്നുമുള്ള സൂചന ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. റെയ്ഡ് രാത്രി വൈകിയും നീണ്ടു.
ഇന്നലെ ഗുജറാത്തിലെ അഹ്മദാബാദിലും വഡോദരയിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നിരുന്നു. റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പായ മാധവ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. രണ്ടു നഗരങ്ങളിലുമായി 27 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകുവോളം തുടർന്നു. എന്നാൽ, ഇവിടങ്ങളിൽനിന്ന് എന്തു ലഭിച്ചെന്ന വിവരം പുറത്തുവന്നിട്ടില്ല.
Summary: Tax raids on 3 Agra shoe traders, cash worth Rs 40 crore recovered
Adjust Story Font
16