മുസ്‌ലിം സംവരണത്തിനു വേണ്ടി സുപ്രിംകോടതിയിൽ പോരാടിയ പാർട്ടിയാണ് ടി.ഡി.പി-ചന്ദ്രബാബു നായിഡു
ടി.ഡി.പി മുൻപും എൻ.ഡി.എയുടെ ഭാഗമായിരുന്നെങ്കിലും ഒരിക്കലും മുസ്‌ലിംകൾക്കെതിരായ ഒരുതരത്തിലുമുള്ള അനീതിയും വച്ചുപൊറുപ്പിച്ചിരുന്നില്ലെന്നും ചന്ദ്രബാബു നായിഡു
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വിമർശനങ്ങൾക്കു മറുപടിയുമായി തെലുഗുദേശം പാർട്ടി(ടി.ഡി.പി) നേതാവ് ചന്ദ്രബാബു നായിഡു. എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്‌ലിം സംവരണം നിർത്തലാക്കുമെന്നത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയിൽ മുസ്‌ലിം സംവരണത്തിനു വേണ്ടി പോരാടിയ പാർട്ടിയാണ് ടി.ഡി.പിയെന്ന് നായിഡു പറഞ്ഞു.
നെല്ലൂരിൽ മുസ്‌ലിംകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുൻ ആന്ധ്ര മുഖ്യമന്ത്രി. ''മുസ്‌ലിംകളുടെ നാലു ശതമാനം സംവരണ വിഷയം 2014 മുതൽ സുപ്രിംകോടതിയിലുണ്ട്. അഭിഭാഷകരെ നിർത്തി വാദിക്കുക മാത്രമേ ഇക്കാര്യത്തിൽ നമുക്ക് ചെയ്യാനാകൂ. അഭിഭാഷകരെ നിർത്തി ഇക്കാര്യത്തിൽ ടി.ഡി.പി പോരാടിയിട്ടുണ്ട്''-ചന്ദ്രബാബു നായിഡു വാദിച്ചു.
ആന്ധ്രയിൽ മുസ്‌ലിംകൾക്കുള്ള സംവരണം എൻ.ഡി.എ സർക്കാർ ഇല്ലാതാക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ മക്കയിൽ ഹജ്ജിനു പോകുന്ന ഓരോ മുസ്‌ലിമിനും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും. ടി.ഡി.പി മുസ്‌ലിം സമുദായത്തിന്റെ ഗുണത്തിനു വേണ്ടി ഹജ്ജ് ഹൗസ് നിർമിച്ചപ്പോൾ സ്വന്തം സുഖസൗകര്യങ്ങൾക്കു വേണ്ടി കൊട്ടാരങ്ങൾ നിർമിക്കുകയാണ് ജഗൻ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
''വിശ്വസ്തതയുടെയും ധീരതയുടെയും പേരിൽ അറിയപ്പെട്ടവരാണ് മുസ്‌ലിം സമുദായം. കഠിനാധ്വാനത്തിലാണ് അവർ എപ്പോഴും വിശ്വസിക്കുന്നത്. മുസ്‌ലിംകളില്ലെങ്കിൽ വികസനമില്ല. ആന്ധ്രയിലും തെലങ്കാനയിലും നഗരമേഖലയിലെല്ലാം ഓട്ടോ റിപ്പയറിങ്ങിനെ ആശ്രയിച്ചാണ് അവരിൽ ഭൂരിഭാഗവും കഴിയുന്നത്. ഹൈദരാബാദിലെ മുസ്‌ലിംകൾ രാജ്യത്തെ മറ്റിടങ്ങളിലുള്ള മുസ്‌ലിംകളെക്കാൾ ഏറെ മുന്നിലാകാൻ കാരണം ടി.ഡി.പി നടപ്പാക്കിയ പദ്ധതികളാണ്. ടി.ഡി.പി ഭരണകൂടം കാരണമാണ് ഹൈദരാബാദിന് ആഗോള അംഗീകാരം ലഭിച്ചത്.''
ടി.ഡി.പി മുൻപും എൻ.ഡി.എയുടെ ഭാഗമായിരുന്നെങ്കിലും ഒരിക്കലും മുസ്‌ലിംകൾക്കെതിരായ ഒരുതരത്തിലുമുള്ള അനീതിയും വച്ചുപൊറുപ്പിച്ചിരുന്നില്ലെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ടി.ഡി.പി സർക്കാരിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിനു വേണ്ടി ഒരുപാട് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് മുസ്‌ലിം സ്ത്രീകൾക്കെതിരെ അതിക്രമം ശക്തമായിരിക്കുകയാണ്. നമസ്‌കാരം നിർവഹിച്ചു പള്ളിയിൽനിന്നു മടങ്ങുംവഴി ഒരു സ്ത്രീയുടെ ബുർഖ കീറി അപമാനിച്ച സംഭവമുണ്ടായി. ടി.ഡി.പി അധികാരത്തിലുണ്ടായിരുന്ന കാലത്ത് മുസ്‌ലിംകൾക്ക് ഇത്തരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടിവന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: TDP fought for Muslim quota in SC, Jagan resorting to lies: National president N Chandrababu Naidu
Adjust Story Font
16