'ഗര്‍ഭസ്ഥശിശുവിനെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കണം': ഡോക്ടര്‍മാരുടെ യോഗം വിളിച്ച് ആര്‍.എസ്.എസ് വനിതാ വിഭാഗം
ഗർഭിണികള്‍ സംസ്‌കൃതം വായിക്കുകയും ഗീത പഠിക്കുകയും ചെയ്യണം. ശ്രീരാമനെപ്പോലെയുള്ള കുട്ടികളെ പ്രസവിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍
ഡല്‍ഹി: ഗർഭിണികളെ ശ്രീരാമൻ, ഹനുമാൻ, ശിവജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ്. ഇതിലൂടെ ഗർഭസ്ഥ ശിശു സംസ്കാരം നേരത്തെ പഠിക്കാൻ തുടങ്ങുമെന്നാണ് വിശദീകരണം. ആർ.എസ്.എസിന്‍റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ ഭാഗമായ സംവർധിനി ന്യാസ് 'ഗർഭ സംസ്‌കാരം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജനനത്തിനു മുന്‍പേ കുട്ടി ഇന്ത്യൻ സംസ്കാരം പഠിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റുകള്‍ വഴി നിര്‍ദേശം. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ ഇതുസംബന്ധിച്ച ആലോചനകള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. യോഗത്തില്‍ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്‍പതോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഗൈനക്കോളജിസ്റ്റുകളും ആയുർവേദ ഡോക്ടർമാരുമാണ് പങ്കെടുത്തതില്‍ ഭൂരിപക്ഷവും. മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് എത്തിയില്ല.
"ഗർഭാവസ്ഥയിൽ തന്നെ കുട്ടികളില്‍ സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്. രാജ്യത്തിനാണ് മുൻഗണനയെന്ന് കുട്ടിയെ പഠിപ്പിക്കണം"- സംവർധിനി ന്യാസിന്റെ ദേശീയ സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ശിവാജിയുടെ അമ്മ ജിജാ ബായി ഒരു നേതാവിന് ജന്മം നൽകാൻ പ്രാര്‍ഥിച്ചത് മാധുരി മറാത്തെ ചൂണ്ടിക്കാട്ടി. ഹിന്ദു ഭരണാധികാരികളുടെ ഗുണങ്ങൾ കുട്ടിക്ക് ലഭിക്കാൻ സ്ത്രീകൾ ജിജാ ബായിയെപ്പോലെ പ്രാർഥിക്കണമെന്ന് മാധുരി മറാത്തെ ആവശ്യപ്പെട്ടു.
സാമ്പത്തിക ഭദ്രതയുള്ള മാതാപിതാക്കൾക്ക് വൈകല്യവും ഓട്ടിസവുമുള്ള കുട്ടികൾ ജനിക്കുന്നത് വർധിക്കുകയാണെന്ന് എയിംസിലെ എൻ.എം.ആർ വിഭാഗം മേധാവി ഡോ. രമ ജയസുന്ദർ പറഞ്ഞു. ഗർഭാവസ്ഥയിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അത്ഭുതം തോന്നുന്നു. ഗർഭധാരണത്തിന് മുമ്പ് തന്നെ 'ഗർഭ സംസ്‌കാരം' ആരംഭിക്കണം. ദമ്പതികൾ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന നിമിഷം മുതല്‍ ആയുർവേദത്തിന് പങ്കുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഗർഭിണിയായ സ്ത്രീ സംസ്‌കൃതം വായിക്കുകയും ഗീത പഠിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 'ഗർഭ സംസ്‌കാരം' ഉണ്ടായാല്‍ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞിന്റെ ഡി.എൻ.എ പോലും മാറ്റാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു.
"ശാരീരികാരോഗ്യം പ്രധാനമാണ്. എന്നാൽ ഗർഭാശയ ശുദ്ധീകരണവും പോസിറ്റീവായ അന്തരീക്ഷവും ആവശ്യമാണ്. ഈ രാജ്യത്ത് ഓരോ വർഷവും 1000 ഗർഭ സംസ്‌കാരമുള്ള കുട്ടികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാണിത്. രാജ്യത്ത് കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്. കുട്ടികൾ മാതാപിതാക്കളെ കൊല്ലുന്നതും ലൈംഗികാതിക്രമം നടത്തുന്നതും നമ്മള്‍ കാണുന്നു. മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്ന, രാജ്യത്തെ രക്ഷിക്കുന്ന ശ്രീരാമനെപ്പോലെയുള്ള കുട്ടികളെ പ്രസവിച്ചാൽ അമ്മമാർ സന്തോഷിക്കും"- ഡോക്ടര്‍ രജനി മിത്തൽ പറഞ്ഞു.
സ്വവര്‍ഗാനുരാഗ വിഷയവും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി- "അമ്മയ്ക്ക് ഇതിനകം മകനുണ്ടെന്ന് കരുതുക. രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാകുമെന്ന് പ്രതീക്ഷിക്കും. എന്നിട്ട് പ്രസവിക്കുന്നത് ആൺകുട്ടിയെ ആണെങ്കില്‍ ആ കുട്ടി സ്വവർഗാനുരാഗിയായി വളരും"- ഡോ. ശ്വേത ഡാംഗ്രെ പറഞ്ഞു.
Summary- Pregnant women should be taught about the lives and struggles of Lord Ram, Hanuman, Shivaji and freedom fighters so that the child in the womb starts learning early about sanskar- Samvardhinee Nyas, a wing of Rashtra Sevika Samiti, the women's section of the RSS, has started a campaign titled 'Garbha Sanskar'
Adjust Story Font
16