Quantcast

വരുമാനമില്ല, കടം കൊണ്ടു പൊറുതി മുട്ടി; അധ്യാപക ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2021 7:37 AM GMT

വരുമാനമില്ല, കടം കൊണ്ടു പൊറുതി മുട്ടി; അധ്യാപക ദമ്പതികള്‍ ആത്മഹത്യ ചെയ്തു
X

കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂളുകള്‍ തുറക്കാത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് ലഭിക്കാത്തതു മൂലം കടം കൊണ്ട് പൊറുതിമുട്ടിയ അധ്യാപക ദമ്പതികള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം നടന്നത്.

കുര്‍ണൂലിലെ കൊയിലകുന്തല ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കര്‍നാട്ടി സുബ്രഹ്മണ്യം (33), ഭാര്യ രോഹിണി (27) എന്നിവരാണ് ജീവനൊടുക്കിയത്. വിഷഗുളികകള്‍ കഴിച്ചാണ് ആത്മഹത്യ ചെയ്തത്. കൊയിലകുന്തലയില്‍ കഴിഞ്ഞ നാലു വര്‍ഷമായി ലൈഫ് എനര്‍ജി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്ന സ്വകാര്യ സ്കൂള്‍ നടത്തുകയായിരുന്നു കര്‍നാട്ടിയും രോഹിണിയും. സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആറ് സ്കൂള്‍ ബസുകള്‍ വാങ്ങുന്നതിനുമായി രണ്ട് കോടി ഇവര്‍ മുതല്‍മുടക്കിയിരുന്നു. ലോണെടുത്തും പലിശക്കാരില്‍ നിന്നുമാണ് ഇതിനുള്ള പണം കണ്ടെത്തിയത്.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്കൂളുകള്‍ അടക്കുകയും അഡ്മിഷന്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷമായി കുട്ടികളില്‍ നിന്നും ഫീസും ലഭിക്കുന്നുണ്ടായിരുന്നില്ല. ലോണ്‍ തവണകള്‍ മുടങ്ങുകയും കടം കൂടുകയും ചെയ്തു. ഞായറാഴ്ച രാവിലെ രോഹിണിയുടെ നാടായ ആത്മകൂറിലെത്തിയ ദമ്പതികള്‍ വൈകിട്ട് കൊയിലകുന്തയിലേക്കുള്ള മടക്കയാത്രയില്‍ കാറിനുള്ളില്‍ വച്ചാണ് വിഷ ഗുളികകള്‍ കഴിച്ചതെന്ന് സർക്കിൾ ഇൻസ്പെക്ടർ സുബ്ബരായുഡ് പറഞ്ഞു. അതിനു മുന്‍പ് വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുകയും ചെയ്തു. വീഡിയോ കണ്ടവര്‍ ഉടനെ സ്ഥലത്തെത്തുകയും ഇരുവരെയും കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വഴിമധ്യേ ഇരുവരും മരിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story