നാലാം ക്ലാസുകാരനെ അധ്യാപകൻ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
അതേ സ്കൂളിലെ അധ്യാപികയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്
ബംഗളൂരു: കർണാടകയിൽ സർക്കാർ സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാംക്ലാസുകാരന്‍ മരിച്ചു. നർഗുണ്ട് സ്വദേശി ഭരത് ബരകെരിയാണ് (10) മരിച്ചത്. ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ യെല്ലപ്പയാണ് (45) കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30 നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞതായി എൻ.ഡിടിവി റിപ്പോർട്ട് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് ഗഡക് ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർ ശിവപ്രകാശ് ദേവരാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിച്ച വിദ്യാർഥിയുടെ അമ്മ ഗീത ബാർക്കറെ അതേ സ്‌കൂളിലെ അധ്യാപികയാണ്.മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഗീതയെയും സഹ അധ്യാപികയായ നംഗൻഗൗഡ പാട്ടീലിനെയും മുത്തപ്പ യെല്ലപ്പ മർദിച്ചെന്നും ലോക്കൽ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌കൂളിലെ കരാർ ജീവനക്കാരനായ മുത്തപ്പ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ സ്‌കൂളിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ചയിൽ കവിളെല്ല് ഒടിഞ്ഞതിനാൽ ഭക്ഷണം കഴിക്കാനോ കുടിക്കാനോ കഴിയുന്നില്ല. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമത്തിന് അധ്യാപികയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16