Quantcast

തെറ്റായ ഉത്തരമെഴുതിയതിന് വിദ്യാർഥിനികളെ സഹപാഠിയെ കൊണ്ട് തല്ലിച്ചു; ഹിമാചലിൽ സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസ്

അധ്യാപികയുടെ നിർബന്ധപ്രകാരം മറ്റുള്ളവർക്ക് അടി കൊടുക്കേണ്ടിവന്ന കുട്ടി തന്നെയാണ് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    26 March 2025 3:59 AM

Published:

26 March 2025 3:57 AM

Teacher Orders Student To Slap Classmates Over Wrong Answers, Case Filed
X

ഷിംല: തെറ്റായ ഉത്തരമെഴുതിയതിന് സഹപാഠിയെ കൊണ്ട് വിദ്യാർഥിനികളെ തല്ലിച്ച് സർക്കാർ സ്കൂൾ അധ്യാപിക. ഹിമാചലിലെ ഷിംലയിലെ ഒരു സർക്കാർ ​ഗേൾ‍സ് സ്കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികയുടെ നിർബന്ധപ്രകാരം മറ്റുള്ളവർക്ക് അടി കൊടുക്കേണ്ടിവന്ന കുട്ടി തന്നെയാണ് പരാതി നൽകിയതെന്നതാണ് ശ്രദ്ധേയം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അധ്യാപിക മനഃപാഠമാക്കാൻ പറഞ്ഞ സംസ്‌കൃത പദങ്ങളുടെ അർഥമെഴുതാൻ കുട്ടികളോട് പറ‍ഞ്ഞു. ക്ലാസിലെ മോനിറ്റർ കൂടിയായ വിദ്യാർഥിനി ഉത്തരം ശരിയായെഴുതി. എന്നാൽ 10-12 കുട്ടികളുടെ ചില ഉത്തരങ്ങൾ തെറ്റിപ്പോയിരുന്നു. ഇതോടെ, അവരെ അടിക്കാൻ മോനിറ്ററായ വിദ്യാർഥിനിയോട് അധ്യാപിക ആജ്ഞാപിക്കുകയായിരുന്നു.

ടീച്ചർ പറഞ്ഞത് അനുസരിച്ചെങ്കിലും മനസില്ലാമനസോടെ പതുക്കെയാണ് താൻ സഹപാഠികളെ അടിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. ഇതോടെ, അധ്യാപിക ഈ വിദ്യാർഥിനിയെ അടിക്കുകയും ഉത്തരം തെറ്റിച്ചവരെ ശക്തിയായി അടിക്കാൻ ആവശ്യപ്പെടുകയും "നീ ക്ലാസ് മോണിറ്ററാണ്, നിനക്ക് അടിക്കാൻ പോലും അറിയില്ല" എന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു.

ശരിയായ ഉത്തരമെഴുതിയ മറ്റ് രണ്ട് പെൺകുട്ടികളെയും ടീച്ചറുടെ ആവശ്യപ്രകാരം അടിക്കേണ്ടിവന്നതായി വിദ്യാർഥിനി പറഞ്ഞു. അധ്യാപികയുടെ പെരുമാറ്റം തന്നെ ഭയപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു. "നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളോട് എന്തും പറയാം, ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല"- എന്ന് അധ്യാപിക പലപ്പോഴും പറയാറുണ്ടെന്നും വിദ്യാർഥിനി വ്യക്തമാക്കി.

അതേസമയം, വിദ്യാർ‍ഥിനിയുടെ പരാതിയിൽ ബിഎൻസ് 115 (2), ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഇതാദ്യമായല്ല ഇത്തരത്തിൽ കുട്ടികളെ കൊണ്ട് സഹപാഠികളെ തല്ലിക്കുന്ന സംഭവങ്ങൾ.

2023ൽ യുപിയിലെ രണ്ട് അധ്യാപികമാർ വിദ്യാർഥികളെ ഇതരമത വിദ്യാർഥികളെ കൊണ്ട് കൊണ്ട് തല്ലിച്ചത് വിവാദമായിരുന്നു. ആ വർഷം ആ​ഗസ്റ്റിൽ മുസാഫിർ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ തൃപ്ത ത്യാ​ഗിയെന്ന അധ്യാപിക ഹിന്ദു കുട്ടികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ തല്ലിക്കുകയായിരുന്നു. സംഭവത്തിൽ ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർ‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിലായിരുന്നു നടപടി. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും ത്രിപ്ത ത്യാഗിക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതിനെതിരെ വൻ‍ പ്രതിഷേധം ഉയർന്നിരുന്നു. കേസിൽ യുപി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ വാദം കേട്ട കോടതി യുപി സർക്കാരിനെ നിശിതമായി വിമർശിക്കുകയും കേസെടുത്തതിൽ പൊലീസ് കാണിച്ച അലംഭാവത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ, ദുഗാവാര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലും സമാന സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തിൽ അധ്യാപിക ഷെെസ്തയെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയോട് അധ്യാപിക ചില ചോദ്യങ്ങൾ ചോ​ദിച്ചു. ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടിക്ക് കഴിയാതെ വന്നതോടെ, ഒരു മുസ്‍ലിം വിദ്യാർഥിയോട് ഹിന്ദു കുട്ടിയെ തല്ലാൻ ആവശ്യപ്പെടുകയായിരുന്നു. 2023 സെപ്തംബറിലായിരുന്നു സംഭവം.






TAGS :

Next Story