Quantcast

മുസ്‌ലിം വിദ്യാർത്ഥികളോട് പാകിസ്താനിൽ പോകാൻ പറഞ്ഞു; അധ്യാപികയ്‌ക്കെതിരെ നടപടി

കർണാടക വിദ്യാഭ്യാസ വകുപ്പാണ് സർക്കാർ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Sep 2023 9:33 AM GMT

racial slur against Muslim students in India, racial slur against Muslim students in Karnataka, Muslim students in Indian class rooms, Karnataka Department of School Education, Manjula Devi, Tipu Nagar, Shivamogga, complaint against teacher
X

ബംഗളൂരു: സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർത്ഥികളോട് പാകിസ്താനിൽ പോകാൻ ആവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരെ നടപടി. ശിവമോഗയിലെ സർക്കാർ സ്‌കൂളിലെ അധ്യാപികയായ മഞ്ജുള ദേവിക്കെതിരെയാണു വിദ്യാർത്ഥികൾ പരാതി നൽകിയത്. പിന്നാലെ അധ്യാപികയെ കർണാടക വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റി. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ശിവമോഗയിലെ ടിപ്പു നഗറിലുള്ള സർക്കാർ സ്‌കൂളിലാണു സംഭവം. അഞ്ചാം ക്ലാസിലെ രണ്ട് മുസ്‌ലിം വിദ്യാർത്ഥികളോടായിരുന്നു അധ്യാപിക വിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യൻ നിങ്ങളുടെ രാജ്യമല്ലെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നുമാണ് മഞ്ജുള ദേവി വിദ്യാർത്ഥികളോട് പറഞ്ഞത്. പാകിസ്താനിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെ ശിവമോഗയിലെ ജെ.ഡി.എസ് നേതാവ് എ. നസ്‌റുല്ലയാണ് പൊലീസിൽ പരാതി നൽകിയത്.

അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവമോഗ പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ പരമേശ്വരപ്പ സി.ആർ പ്രതികരിച്ചു. വ്യാഴാഴ്ചയാണു പരാതി ലഭിച്ചത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പരമേശ്വരപ്പ അറിയിച്ചു.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പരാതിയുമായി നാട്ടിലെ രാഷ്ട്രീയ നേതാക്കളെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിലാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, ആരോപണം അധ്യാപിക നിഷേധിച്ചു. ക്ലാസിൽ അച്ചടക്കലംഘനം നടത്തിയതിനു വിദ്യാർത്ഥികളെ ശിക്ഷിക്കുകയാണു താൻ ചെയ്തതെന്നാണ് മഞ്ജുള ദേവിയുടെ വിശദീകരണം.

Summary: Teacher who asked Muslim students to ‘go to Pakistan’ transferred in Karnataka

TAGS :

Next Story