യു.പിയിൽ ദലിത് വിദ്യാർഥി മർദനമേറ്റു മരിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
സെപ്റ്റംബർ ഏഴിനാണ് നിഖിത് ദൊഹ്‌റെ എന്ന പത്താം ക്ലാസ് വിദ്യാർഥിയെ അശ്വിനി സിങ് മർദിച്ചത്.
ലഖ്‌നോ: സ്‌പെല്ലിങ് തെറ്റിച്ചതിന്റെ പേരിൽ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് അധ്യാപകനായ അശ്വിനി സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്.
സെപ്റ്റംബർ ഏഴിനാണ് നിഖിത് ദൊഹ്‌റെ എന്ന പത്താം ക്ലാസ് വിദ്യാർഥിയെ അശ്വിനി സിങ് മർദിച്ചത്. പരീക്ഷയിൽ 'സോഷ്യൽ' എന്ന വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചതിന് അശ്വിനി സിങ് വിദ്യാർഥിയെ വടികൊണ്ടും ദണ്ഡുകൊണ്ടും അടിക്കുകയും ബോധം പോകുന്നതുവരെ ചവിട്ടുകയും ചെയതെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സക്കായി അശ്വിനി സിങ് ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകി. പിന്നീട് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപകനെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
തിങ്കളാഴ്ചയാണ് മർദനമേറ്റ വിദ്യാർഥി മരിച്ചത്. അശ്വിനി സിങ് ഒരു ബന്ധുവിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞതെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥനായ ചാരു നിഗം പറഞ്ഞു.
Adjust Story Font
16