ഉത്തർപ്രദേശിൽ അധ്യാപകനും ഭാര്യയും മക്കളുമടക്കം ദലിത് കുടുംബത്തിലെ നാലുപേരെ വെടിവെച്ചു കൊന്നു; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
കൊല്ലപ്പെട്ടവരിൽ ആറും ഒന്നും വയസുള്ള പെൺകുട്ടികളും
ലഖ്നൗ: പ്രൈമറി സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ ദലിത് കുടുംബത്തിലെ നാലുപേരെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ അമേഠിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പൻഹോണ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ സുനിൽ കുമാർ (35) ഭാര്യ (33)ആറും ഒന്നും വയസ്സുമുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇവർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാത സംഘം നാലു പേർക്കുമെതിരെ നിറയൊഴിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റായ്ബറേലിയിലെ ഉച്ചാഹറിൽ താമസിച്ചിരുന്ന സുനിൽ കുമാറും കുംടുംബവും അടുത്തിടെയാണ് അമേഠിയിലെ സിംഗ്പൂർ ബ്ലോക്കിലേക്ക് മാറിയതെന്ന് പൊലീസ് അറിയിച്ചു.
ദമ്പതികളുടെ മൃതദേഹങ്ങൾ വീട്ടിനകത്തെ വാട്ടർ ടാപ്പിന് സമീപമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹം മറ്റൊരു മുറിക്കുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ലഖ്‌നൗ സോൺ എഡിജി എസ്‌ബി ഷിരാദ്‌കറും അയോധ്യ റേഞ്ച് ഐജി പ്രവീൺ കുമാറും ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊലയാളികളെ കണ്ടെത്തി ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
Adjust Story Font
16