വിവാഹത്തിന് പണം കണ്ടെത്താൻ വയോധികരെ കെട്ടിയിട്ട് കവർച്ച; യുവാവിനെയും പെൺസുഹൃത്തിനെയും നാട്ടുകാർ പിടികൂടി
എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്
കോയമ്പത്തൂർ: വിവാഹചെലവിന് പണം കണ്ടെത്താനായി വൃദ്ധനെ കെട്ടിയിട്ട് കവർച്ച നടത്തിയ യുവാവും പെൺസുഹൃത്തിനെയും നാട്ടുകാർ പിടികൂടി.
കോയമ്പത്തൂരിലെ വടവള്ളിക്ക് സമീപം ബൊമ്മനംപാളയത്താണ് വൃദ്ധനെ കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയും യുവാവും പിടിയിലായത്. എ ദിനേശ് കുമാർ (23), ഡി സെൻബാഗവല്ലി എന്ന പ്രിയ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൊമ്മനംപാളയം വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ആർ പെരിയ രായപ്പൻ (76) ഭാര്യ രാജമ്മാളിനൊപ്പം താമസിക്കുകയാണ്. വെള്ളം ചോദിച്ചാണ് ഇരുവരും വീട്ടിലെത്തിയത്. രായപ്പൻ തനിച്ചാണെന്ന് ഉറപ്പാക്കിയ ഇരുവരും വൃദ്ധനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് പ്രതികൾ 1500 രൂപയും 18 ഗ്രാം സ്വർണവും കൈക്കലാക്കി വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയോധികന്റെ മകൻ ബാബു വീട്ടിലെത്തി. മകൻ നിലവിളിച്ച് അയൽവാസികളുടെ സഹായത്തോടെ അവരെ പിടികൂടി പൊലീസിൽ അറിയിച്ചു. പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
നേരത്തെയും പ്രതികൾ പ്രായമായവരെ കൊള്ളയടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നഗരത്തിലെ മുല്ലൈ നഗറിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന മറ്റൊരു വയോധികന്റെ 28,000 രൂപയും മൊബൈൽ ഫോണും ഇരുവരും കവർച്ച ചെയ്തതായി പൊലീസ് പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പ്രതികൾ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായാണ് മോഷണശ്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16