പ്രണയം എതിർത്തു; മുത്തശ്ശിയെയും സഹോദരന്റെ ഭാര്യയെയും കൊന്ന് 19കാരൻ, അറസ്റ്റ്
കോളജിൽ ഗുണശീലന് ഒരു പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ മഹിഴമ്മാളും പ്രിയയും ബന്ധം എതിർക്കുകയും ഗുണശീലനെ ശകാരിക്കുകയും ചെയ്തു...
മധുര: പ്രണയബന്ധം എതിർത്തതിന് മുത്തശ്ശിയെയും സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ. മധുര എല്ലിസ് നഗർ സ്വദേശിയായ ഒന്നാംവർഷം ബിഫാം വിദ്യാർഥി ഗുണശീലൻ ആണ് അറസ്റ്റിലായത്. മുത്തശ്ശി മഹിഴമ്മാലിനെയും (58) സഹോദരഭാര്യയായ പ്രിയയെയും (22) കൊലപ്പെടുത്തിയതിനാണ് അറസ്റ്റ്. ഗുണശീലന്റെ സുഹൃത്ത് റിഷികുമാറി(23)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലിസ് നഗറിൽ പഠനസൗകര്യത്തിനായി മാതൃസഹോദരൻ മണികണ്ഠന്റെ വീട്ടിലായിരുന്നു ഗുണശീലൻ താമസിച്ചിരുന്നത്. കോളജിൽ ഗുണശീലന് ഒരു പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ മഹിഴമ്മാളും പ്രിയയും ബന്ധം എതിർക്കുകയും ഗുണശീലനെ ശകാരിക്കുകയും ചെയ്തു. ഇതിൽ വൈരാഗ്യം മൂത്ത് ഗുണശീലൻ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.
ഋഷിയുമൊത്ത് ആദ്യം മഹിളമ്മാളിനെ കൊന്ന് വീടിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിച്ചു. പിന്നീട് പ്രിയയെയും കൊലപ്പെടുത്തി ഇതേ കെട്ടിടത്തിലൊളിപ്പിച്ചു.
മണികണ്ഠൻ വീട്ടിലെത്തി ഇരുവരെയും അന്വേഷിച്ചപ്പോൾ അമ്പലത്തിൽ പോയിരിക്കുകയാണെന്നാണ് ഗുണശീലൻ പറഞ്ഞത്. എന്നാൽ പിറ്റേന്ന് കെട്ടിടത്തിൽ നിന്നും രൂക്ഷഗന്ധം വരാൻ തുടങ്ങിയതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
Adjust Story Font
16