'പൊലീസാകണം'; അച്ഛന്റെയും അമ്മാവന്റേയും പീഡനത്തിനിരയായ, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾ
15 വയസുള്ളപ്പോഴാണ് ആദ്യത്തെ പെൺകുട്ടിയെ സ്വന്തം പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്.
ഹൈദരാബാദ്: സ്വന്തം അച്ഛന്റെയും അമ്മാവന്റേയും ബലാത്സംഗത്തിനിരയായതിനെ തുടർന്നുണ്ടായ കടുത്ത ട്രോമയെ അതിജീവിച്ച് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് രണ്ട് പെൺകുട്ടികൾ. തെലങ്കാനയിലെ രണ്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ് കഴിഞ്ഞദിവസം ഫലം പുറത്തുവന്നപ്പോൾ മിന്നും വിജയം കരസ്ഥമാക്കിയത്.
ഭാവിയിൽ പൊലീസുകാരാകണം എന്നാണ് ഇരുവരുടേയും ആഗ്രഹം. നീതി തേടാൻ ഇരുവരെയും സഹായിച്ചത് മീർപേട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു. മനുഷ്യത്വപരമായാണ് വനിതാ കോൺസ്റ്റബിൾമാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കേസ് കൈകാര്യം ചെയ്തതെന്ന് മീർപേട്ട് പൊലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ മഹേന്ദർ റെഡ്ഡി പറഞ്ഞു. പീഡനത്തിനിരയാവുന്ന പെൺകുട്ടികൾക്ക് ഈ ഉദ്യോഗസ്ഥരെ പോലെ നീതി വാങ്ങിക്കൊടുക്കാനാണ് പൊലീസുകാരാവണം എന്ന് ഇരുവരും ആഗ്രഹിക്കുന്നത്.
15 വയസുള്ളപ്പോഴാണ് ആദ്യത്തെ പെൺകുട്ടിയെ സ്വന്തം പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. 2023ലായിരുന്നു അവളുടെ ജീവിതം തകിടംമറിച്ച സംഭവം. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മുത്തശ്ശി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഗർഭം മാസങ്ങൾ പിന്നിട്ടതിനാൽ അലസിപ്പിക്കാനുമാവാത്ത സ്ഥിതിയായിരുന്നു.
ഒടുവിൽ ഒമ്പതാം മാസം പെൺകുട്ടി പ്രസവിച്ചു. കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. പെൺകുട്ടി പഠനം തുടർന്നു. 5.6 ജിപിഎയോടു കൂടിയാണ് അവൾ ഇത്തവണ 10ാം ക്ലാസ് പാസായത്. കടുത്ത മാനസിക സമ്മർദവും ശാരീരിക പ്രശ്നങ്ങളും അനുഭവിച്ചിട്ടും പഠിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പെൺകുട്ടി പിന്നോട്ടുപോയില്ല. കുറ്റക്കാരനായ പിതാവിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. പെൺകുട്ടിക്ക് ഇയാൾ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
രണ്ടാമത്തെ പെൺകുട്ടിയെ അമ്മാവനാണ് ബലാത്സംഗം ചെയ്തത്. എന്നാൽ വിഷയം പറഞ്ഞപ്പോൾ പെൺകുട്ടിയെ അവിശ്വസിക്കുകയും മാറ്റിനിർത്തുകയുമാണ് ബന്ധുക്കൾ ചെയ്തത്. അന്ന് അകറ്റിനിർത്തിയവരെല്ലാം ഇപ്പോൾ അഭിനന്ദനവുമായി വീട്ടിലെത്തുകയാണ്. പത്താം ക്ലാസ് പരീക്ഷയിൽ 9.3 ജിപിഎയോടു കൂടിയാണ് ഈ പെൺകുട്ടി ഉന്നത വിജയം നേടിയത്.
പെൺകുട്ടികളെ സഹായിക്കുന്നതിനു പുറമെ, കേസ് നടപടികളിൽ മാത്രമൊതുങ്ങാതെ അവരുടെ മനസിൽ ധൈര്യം പകരാനും പൊലീസുകാർ ശ്രമിച്ചെന്നും റെഡ്ഡി കൂട്ടിച്ചേർത്തു. ഇരുവരുടേയും ആഗ്രഹം പോലെ പൊലീസുകാരായി മാറട്ടെ എന്നാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രത്യാശിക്കുന്നത്.
Adjust Story Font
16