ടീസ്റ്റ സെതൽവാദിന്‍റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാർ ശനിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം: സുപ്രിംകോടതി
ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി
ഡല്‍ഹി: ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്‍റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാർ ശനിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് സുപ്രിംകോടതി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്.ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. ഗൂഢാലോചന ആരോപിച്ച് എസ്ഐടിയുടെ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിന് തൊട്ടുപിന്നാലെ ജൂൺ 26ന് മുംബൈയിൽ നിന്നാണ് ടീസ്റ്റയേയും ഗുജറാത്ത് മുൻ ഡിജിപി ആർ ശ്രീകുമാറിനേയും ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്.
കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രിംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു നടപടി. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാകാമെന്ന കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്. കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദി സർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് കുറ്റങ്ങൾ. എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്നാണ് ടീസ്റ്റയുടെ അഭിഭാഷകൻ വാദിക്കുന്നത്.
Adjust Story Font
16