പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നു: ടീസ്റ്റ സെതൽവാദ്
‘ഇവ രാജ്യത്തിന്റെ ജനാധിപത്യ ഘടനക്ക് എതിരാണ്’
മുംബൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് പൗരാവകാശ പ്രവർത്തകയും ജേണലിസ്റ്റുമായ ടീസ്റ്റ സെതൽവാദ്. ‘ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങൾ: നവീകരണം അല്ലെങ്കിൽ അടിച്ചമർത്തൽ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ നിയമങ്ങൾ 2024 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.
ഈ നിയമങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാരത്തെ പരിഹസിക്കുകയാണെന്ന് ടീസ്റ്റ പറഞ്ഞു. ഇവ നടപ്പാക്കും മുമ്പ് വിശദമായ കൂടിയാലോചന വേണമായിരുന്നു. എന്നാൽ, അത് നടന്നിട്ടില്ല. മനുഷ്യാവകാശങ്ങളും നിയമ പ്രസ്ഥാനങ്ങളും പുനരാരംഭിച്ച ശേഷം ഭേദഗതി വരുത്തിയ നിയമത്തിലെ ചില വ്യവസ്ഥകൾ അപകോളനീകരണത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഈ നിയമങ്ങൾ പങ്കാളിത്ത ജനാധിപത്യത്തിനും രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കും എതിരാണ്. കൂടാതെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആഗ്രഹമാണെന്നും ടീസ്റ്റ കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംസാരിച്ച വൃന്ദ ഗ്രോവർ, വിജയ് ഹിരേമത്ത് എന്നിവരും പുതിയ നിയമങ്ങളെ എതിർത്തു. യു.എ.പി.എ ചുമത്തപ്പെട്ടവർക്ക് ലഭിച്ചിരുന്ന ചില സംരക്ഷണങ്ങൾ ഇനിയുണ്ടാകില്ലെന്ന് വൃന്ദ ഗ്രോവർ പറഞ്ഞു. നിലവിലെ നിയമങ്ങളേക്കാൾ ക്രൂരമാണ് പുതിയതെന്ന് വിജയ് ഹിരേമത്ത് വ്യക്തമാക്കി.
Adjust Story Font
16