തെലങ്കാനയിൽ ആഘോഷം പൊടിപൊടിക്കുന്നു; സോണിയയുടെയും രാഹുലിന്റെയും പോസ്റ്ററിൽ പാലഭിഷേകം നടത്തി പ്രവർത്തകർ
69 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ ഭരണകക്ഷിയായ ബി.ആർ.എസ് 38 സീറ്റിൽ മാത്രമാണ് മുന്നിൽ
ഹെെദരാബാദ്: ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് പുറത്തു വരുമ്പോൾ തെലങ്കാന കോൺഗ്രസിനെ കെെവിട്ടില്ല. 69 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ ഭരണകക്ഷിയായ ബി.ആർ.എസ് 38 സീറ്റിൽ മാത്രമാണ് മുന്നിൽ. എല്ലാ പ്രതീക്ഷയും തകർന്ന ബി.ജെ.പി ഏഴിടത്ത് മാത്രമാണ് മുന്നിലുള്ളത്. കോൺഗ്രസ് അധികാരത്തിലേക്ക് എത്തിയ സന്തോഷത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെയും പോസ്റ്ററിൽ പാലഭിഷേകം നടത്തി പ്രവർത്തകർ ആഘോഷം പൊടിപൊടിക്കുകയാണ്.
ബി.ആര്‍.എസി.ന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്‌നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്ദു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ബിആര്‍എസ് ആണ് അധികാരത്തിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയുമായി. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട്.
തെലങ്കാനയിൽ ബി.ആർ.എസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ പ്രകാരം ബി.ആർ.എസിന് പരമാവധി 47 സീറ്റുകൾ ലഭിക്കുമ്പോൾ 79 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടും.
ജൻ കീ ബാത്തിന്റെ സർവേ പ്രകാരം 48 മുതൽ 64 സീറ്റുകൾ വരെ നേടി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. ബി.ആർ.എസ് 40 മുതൽ 55 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകൾ ലഭിക്കുമ്പോൾ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകൾ വരെ കിട്ടും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ സർവേയും തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. 59 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രചവനം.
Adjust Story Font
16