Quantcast

പൊലീസ് റിപ്പോർട്ട് തള്ളി ഡി.ജി.പി; രോഹിത് വെമുല കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പ്രമുഖ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് ക്ലീൻചിറ്റ് നൽകി കോടതിയിൽ സമർപ്പിച്ച പൊലീസിന്റെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തായത്

MediaOne Logo

Web Desk

  • Published:

    4 May 2024 2:47 AM GMT

Telangana DGP Ravi Gupta orders further probe after closure report into Rohith Vemulas death case sparks outrage, Rohith Vemula case, Hyderabad Central University, HCU
X

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ(എച്ച്.സി.യു) ദലിത് ഗവേഷകനായിരുന്ന രോഹിത് വെമുലയുടെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഡി.ജി.പി രവി ഗുപ്തയാണ് കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രതികൾക്ക് ക്ലീൻചിറ്റ് നൽകി കേസ് അവസാനിപ്പിച്ച പൊലീസ് റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസ് അവസാനിപ്പിച്ച് പൊലീസിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നത്. രോഹിത് പട്ടികജാതി വിഭാഗക്കാരനല്ലെന്നും തന്റെ യഥാർഥ ജാതി സ്വത്വം തിരിച്ചറിയപ്പെടുമെന്നു ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് എച്ച്.സി.യുവിൽ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് അമ്മ രാധിക വെമുലയും സഹോദരൻ രാജ വെമുലയും രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുനരന്വേഷണം പ്രഖ്യാപിച്ചത്. മാധപൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആയിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 2018ൽ അന്തിമ റിപ്പോർട്ട് തയാറാക്കിയിരുന്നുവെന്നും 2024 മാർച്ച് 21നാണ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇതു സമർപ്പിക്കുന്നതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

2016 ജനുവരി 17നാണ് രോഹിതിനെ എച്ച്.സി.യു ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം രാജ്യവ്യാപകമായി വലിയ കോലാഹലം സൃഷ്ടിച്ചു. കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള കാംപസുകളെ പിടിച്ചുകുലുക്കി വൻ പ്രതിഷേധങ്ങൾക്കാണു രാജ്യം സാക്ഷിയായത്. മാസങ്ങളോളം എച്ച്.സി.യു ഈ പ്രക്ഷോഭത്തിന്റെ സമരകേന്ദ്രമായി മാറി. രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കാംപസിലെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇതിനിടയിലാണ് രോഹിതിന്റെ മരണത്തിൽ സൈബറാബാദിലെ ഗച്ചിബൗളി പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബി.ജെ.പി നേതാക്കളായ അന്നത്തെ സെക്കന്ദറാബാദ് എം.പി ബന്ദാരു ദത്താത്രേയ, തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം എൻ. രാമചന്ദ്രറാവു, അന്ന് സർവകലാശാല വി.സി ആയിരുന്ന അപ്പ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വിവിധ എ.ബി.വി.പി നേതാക്കൾ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇവർക്കെല്ലാം ക്ലീൻചിറ്റ് നൽകിക്കൊണ്ടാണ് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

രോഹിതിനെതിരെ വേറെയും ആരോപണങ്ങൾ റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. കാംപസിൽ രാഷ്ട്രീയ രംഗത്ത് സജീവമായതിനാൽ അക്കാദമികകാര്യങ്ങളിൽ മോശം പ്രകടനമാണു കാഴ്ചവച്ചിരുന്നതെന്നും പഠനത്തിലേറെ രാഷ്ട്രീയത്തിലായിരുന്നു കൂടുതൽ സജീവമെന്നുമെല്ലാം ഇതിൽ ആരോപിക്കുന്നു. ആദ്യത്തെ പി.എച്ച്.ഡി രണ്ടു വർഷത്തിനുശേഷം ഡിസ്‌കണ്ടിന്യൂ ചെയ്യുകയും പിന്നീട് മറ്റൊരു വിഷയത്തിൽ ഗവേഷണത്തിനു ചേരുകയും ചെയ്തു. മറ്റു പ്രവർത്തനങ്ങൾ കാരണം ഇതിലും പ്രകടനം മോശമായിരുന്നു. ഇതോടൊപ്പം അമ്മ അദ്ദേഹത്തിനു വേണ്ടി വ്യാജ എസ്.സി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതു പുറത്ത് അറിയാനിടയുണ്ടെന്നതുൾപ്പെടെയുള്ള മാനസികസംഘർഷങ്ങൾ രോഹിത് നേരിടുന്നുണ്ടായിരുന്നുവെന്നും ഇതേതുടർന്നാണു ജീവനൊടുക്കിയതെന്നുമെല്ലാമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാലു മാസത്തിനുശേഷമാണ് റിപ്പോർട്ട് വരുന്നത്. അടുത്തിടെ നടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ രാധിക വെമുല പങ്കെടുത്തിരുന്നു. പരിപാടിക്കിടെ രാഹുൽ രാധികയെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന പൊലീസ് റിപ്പോർട്ട് കോൺഗ്രസിന് തിരിച്ചടിയായേക്കും. എന്നാൽ, 2018ൽ തയാറാക്കിയ റിപ്പോർട്ട് ഇപ്പോഴാണ് കോടതിയിൽ സമർപ്പിക്കുന്നതെന്ന വിശദീകരണമാണ് പൊലീസ് മേധാവി വിശദീകരിക്കുന്നത്. റിപ്പോർട്ടിനെ കുറിച്ച് തെലങ്കാന കോൺഗ്രസോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

പൊലീസ് റിപ്പോർട്ടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. സ്ഥാപനവൽകൃത കൊലയ്ക്കിരയായ രോഹിതിന്റെ മരണത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളെയടക്കം രക്ഷിക്കാനാണ് പൊലീസ് വ്യാജ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഓൾ ഇന്ത്യ ഒ.ബി.സി സ്റ്റുഡന്റ്‌സ് അസോസിയേഷൻ, ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ, അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ, ബഹുജൻ സ്റ്റുഡന്റ്‌സ് ഫ്രണ്ട്, ദലിത് വിദ്യാർഥി യൂനിയൻ, ഫ്രറ്റേണിറ്റി, എം.എസ്.എഫ്, നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ, എസ്.എഫ്.ഐ, എസ്.ഐ.ഒ, ട്രൈബൽ സ്റ്റുഡന്റ്‌സ് ഫോറം, യു.ഒ.എച്ച്.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Summary: Telangana DGP Ravi Gupta orders further probe after closure report into Rohith Vemula's death case sparks outrage

TAGS :

Next Story