അദാനിയുടെ ഫണ്ട് വേണ്ട; 100 കോടിയുടെ ഓഫര്‍ നിരസിച്ച് രേവന്ത് റെഡ്ഡി സര്‍ക്കാര്‍
തെലങ്കാനയിൽ സ്ഥാപിക്കുന്ന യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്കു വേണ്ടിയാണ് ഗൗതം അദാനി നൂറു കോടി രൂപ വാഗ്ദാനം ചെയ്തത്
ഹൈദരാബാദ്: ഗൗതം അദാനി ചെയർമാനായ അദാനി ഗ്രൂപ്പിന്റെ സംഭാവന നിരസിച്ച് തെലങ്കാന സർക്കാർ. തെലങ്കാനയിൽ സ്ഥാപിക്കുന്ന യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്കായി നൂറു കോടി രൂപയാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, സംഭാവന വേണ്ടെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. അമേരിക്കയിലെ നിയമനടപടികൾക്കു പിന്നാലെ അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചേർത്ത് പ്രതിപക്ഷം ആക്രമണം കടുപ്പിക്കുന്നതിനിടെയാണു രേവന്ത് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഒക്ടോബറിൽ അദാനി രേവന്ത് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് 'ഡെക്കാൻ ഹെറാൾഡ്' റിപ്പോർട്ട് ചെയ്യുന്നു. അദാനി ഫൗണ്ടേഷന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തി ഈ തുക സ്‌കിൽസ് സർവകലാശാലയ്ക്കു നൽകാനായിരുന്നു തീരുമാനം. എന്നാൽ, സംഭാവന സ്വീകരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് തെലങ്കാന ഐടി-വ്യവസായ സ്‌പെഷൽ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൻ പ്രീതി അദാനിക്ക് കത്തയയ്ക്കുകയായിരുന്നു. പുതിയ സാഹചര്യത്തിലും വിവാദങ്ങളുടെ പശ്ചാത്തലത്തിലും ഫണ്ട് സ്വീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായാണു കത്തിൽ അറിയിച്ചത്.
അദാനിയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് രേവന്ത് റെഡ്ഡി സർക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചിരുന്നു. നിരന്തരം കടന്നാക്രമിക്കുന്ന അദാനിയുടെ ഫണ്ട് തന്നെയാണ് കോൺഗ്രസ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നുമായിരുന്നു ബിആർഎസ് വിമർശിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ രേവന്ത് തന്നെ ആരോപണങ്ങൾ നിഷേധിച്ചു. യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്കായി അദാനി ഗ്രൂപ്പ് ഉൾപ്പെടെ ഒരു സ്ഥാപനത്തിന്റെയും സംഭാവനയോ ഫണ്ടോ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദാനി ഫൗണ്ടേഷന് അയച്ച കത്തിൽ 100 കോടി അയയ്‌ക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യമായ വിവാദങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും രേവന്ത് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന്റെ ഉൾപ്പെടെയുള്ള സമ്മർദത്താലാണ് ഫണ്ട് സ്വീകരിക്കേണ്ടെന്ന തീരുമാനമെന്ന വാദവും അദ്ദേഹം തള്ളി. 'ഒരു സമ്മർദവുമുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെയും എന്റെ സർക്കാരിന്റെയും പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള വിവാദങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ വേണ്ടി സ്വയം എടുത്ത തീരുമാനമാണ്.'-തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
ദാവോസ് ഉച്ചകോടിയിൽ അദാനി ഗ്രൂപ്പുമായി തെലങ്കാന സർക്കാർ ഒപ്പുവച്ച 12,400 കോടിയുടെ നിക്ഷേപ കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. 'ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമാണ്. നിയമപ്രകാരവും നടപടിക്രമങ്ങൾ പാലിച്ചുമുള്ള ഏതു നിക്ഷേപ കരാറും ധാരണയും മുന്നോട്ടുപോകാവുന്നതാണ്. നിക്ഷേപകർക്കെല്ലാം തുല്യാവസരം നൽകുകയും അതിൽനിന്ന് ഏറ്റവും മികച്ചതിനെ തിരഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ നിലപാട്. കോർപറേറ്റുകൾക്കോ നിയമപരമായ നിക്ഷേപങ്ങൾക്കോ എതിരല്ല ഞങ്ങൾ. എന്നാലും, ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ ഏതു കരാറും പരിശോധനയ്ക്കു വിധേയമാക്കും'-രേവന്ത് റെഡ്ഡി വ്യക്തമാക്കി.
യുവാക്കളെ തൊഴിൽ നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് സ്‌കിൽസ് സർവകലാശാല. ഇതിന്റെ തുടക്കം തന്നെ ആരോപണങ്ങളും വിവാദങ്ങളുമായി വഴിതിരിച്ചുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. ബിആർഎസ് സർക്കാരിനാണ് അദാനി ഗ്രൂപ്പുമായി ഉറ്റ ബന്ധമുണ്ടായിരുന്നതെന്ന് ആരോപിച്ച രേവന്ത് റെഡ്ഡി, 2014ൽ ഗൗതം അദാനിയും കെ. ചന്ദ്രശേഖർ റാവുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടു. മുൻ ഐടി മന്ത്രി കെ.ടി രാമറാവു അദാനിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ ഉയർത്തിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു രേവന്തിന്റെ ശ്രമം.
Summary: Telangana's Congress govt refuses to accept Adani’s ₹100 crore donation for Young India Skills University
Adjust Story Font
16