Quantcast

'ഇന്ദിരാഗാന്ധിയുടെ ചരിത്രം കോൺഗ്രസ് ആവർത്തിക്കുന്നു'; തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഉറുദു ദിനപത്രം

ശൂന്യമായ എഡിറ്റോറിയൽ പേജുകൾ പ്രസിദ്ധീകരിച്ചായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    14 March 2025 3:36 AM

ഇന്ദിരാഗാന്ധിയുടെ ചരിത്രം കോൺഗ്രസ് ആവർത്തിക്കുന്നു; തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഉറുദു ദിനപത്രം
X

ഹൈദരാബാദ്: തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാരിനെതിരെ പ്രതിഷേധവുമായി ഉറുദു ദിനപത്രമായ ദി മുൻസിഫ് ഡെയ്‌ലി. ശൂന്യമായ എഡിറ്റോറിയൽ പേജുകൾ പ്രസിദ്ധീകരിച്ചായിരുന്നു പ്രതിഷേധം. സർക്കാർ പരസ്യങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അടിയന്തരാവസ്ഥ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രതിഷേധ നടപടി.

സർക്കാർ പത്രത്തിനെതിരെ പ്രതികാരനടപടി സ്വീകരിക്കുകയാണെന്നാണ് മാനേജ്മെന്റിന്റെ ആരോപണം. "കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന വർഗീയ കലാപ സംഭവങ്ങൾ ഞങ്ങൾ തുറന്നുകാട്ടി. പോലീസിന്റെ പരാജയങ്ങളും സംസ്ഥാനത്തിന്റെ നിഷ്‌ക്രിയത്വവും എടുത്തുകാണിച്ചു. ചിൽകൂറിലെ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളി പൊളിച്ചുമാറ്റൽ, ന്യൂനപക്ഷ സ്‌കൂൾ വിദ്യാർത്ഥിനികളുടെ യൂണിഫോമിൽ നിന്ന് ഹിജാബ് നീക്കം ചെയ്യൽ, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് എന്നിവയെക്കുറിച്ച് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശമ്പളം വൈകിയത്, വിവാഹമോചിതരായ സ്ത്രീകൾക്കുള്ള സ്റ്റൈപ്പന്റ് നൽകാത്തത്, തെലങ്കാന മന്ത്രിസഭയിൽ ഒരു മുസ്ലീം പ്രതിനിധിയെ ഉൾപ്പെടുത്താത്തത് എന്നിവയും മുൻസിഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്," പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ആതർ മോയിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"കോൺഗ്രസ് ഭരണത്തിൻ കീഴിൽ തെലങ്കാന പാലും തേനും ഒഴുകുന്ന നാടായി മാറിയെന്ന് രേവന്ത് സർക്കാർ വായനക്കാരെ ബോധ്യപ്പെടുത്തണമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല. പകരം, നമ്മൾ തുടർന്നും ചോദിക്കും: എന്തുകൊണ്ടാണ് ഭൂമി തരിശായി മാറിയത്? ദരിദ്രരെ പട്ടിണിയുടെ വക്കിലെത്തിച്ചതെന്തുകൊണ്ട്? എന്തുകൊണ്ടാണ് നിസ്സഹായരായ പെൺമക്കൾ പീഡിപ്പിക്കപ്പെട്ടത്?" പ്രസ്താവനയിൽ പറയുന്നു. സത്യം പറഞ്ഞത് കൊണ്ടാണ് രേവന്ത് റെഡ്ഢി സർക്കാർ തങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതെന്നും ആതർ മോയിൻ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ ചരിത്രം കോൺഗ്രസ് ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, പത്ര പരസ്യങ്ങൾക്കുള്ള ചെലവ് സർക്കാർ കുറച്ചിട്ടുണ്ടെന്നും, അത് ആർക്ക് നൽകണം എന്നത് സർക്കാരിന്റെ പ്രത്യേക അവകാശം ആണെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

TAGS :

Next Story