Quantcast

പ്രവാചകനിന്ദ: ബിജെപി എം.എൽ.എ രാജാസിങ് വീണ്ടും അറസ്റ്റിൽ

ഈ മാസം 23ന് രാജാ സിങ് അറസ്റ്റിലായിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-25 11:14:47.0

Published:

25 Aug 2022 11:11 AM GMT

പ്രവാചകനിന്ദ: ബിജെപി എം.എൽ.എ രാജാസിങ് വീണ്ടും അറസ്റ്റിൽ
X

ഹൈദരാബാദ്: പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എം.എൽ.എ ടി രാജാ സിങ് വീണ്ടും അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് ഗോഷാമഹൽ എം.എൽ.എയായ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

ഈ മാസം 23ന് രാജാ സിങ് അറസ്റ്റിലായിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പരാതി ലഭിക്കുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ ഇയാളെ ബി.ജെപി.യിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തിരുന്നു. രാജാസിങ്ങിനെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. മതസ്പർധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകൾ ചുമത്തിയാണ് കേസ്. രാജാസിങ്ങിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ രാജാസിങ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിർത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനോടൊപ്പമാണ് പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും എം.എൽ.എ നടത്തിയത്.

TAGS :

Next Story