Quantcast

'മണിപ്പൂരിനെക്കുറിച്ച് പറയൂ'; പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

അവിശ്വാസപ്രമേയത്തിൽ ലോക്‌സഭയിൽ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതെയായതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-08-10 12:55:28.0

Published:

10 Aug 2023 12:46 PM GMT

Modi in Parliament ,Tell about Manipur; Opposition protest in Parliament against Prime Minister,മണിപ്പൂരിനെക്കുറിച്ച് പറയൂ;  പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം,മണിപ്പൂര്‍ വിഷയം പാര്‍ലമെന്‍റില്‍,ലോക്സഭ മറുപടി
X

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം.കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് പരാമർശിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയത്. മോദിക്കെതിരെ പ്രതിപക്ഷം സഭയ്ക്കുള്ളിൽ പോസ്റ്റർ ഉയർത്തികാട്ടി.

അവിശ്വാസപ്രമേയ ചർച്ചയിൽ മറുപടി പറയാനാരംഭിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും വിശ്വാസ വഞ്ചന കാണിച്ചു. രാജ്യത്തെക്കാളും പ്രധാനം മുന്നണി ആണെന്ന് പ്രതിപക്ഷം തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ ആവർത്തിച്ച് നൽകിയ വിശ്വാസത്തിൽ നന്ദിയുണ്ട്. പ്രതിപക്ഷം അവിശ്വാസ പ്രമേയമായി കൊണ്ട് വന്നത് ദൈവ നിശ്ചയമാണ്.2018ലും ഇത് തന്നെ സംഭവിച്ചു. ജനങ്ങൾ പോലും പ്രതിപക്ഷത്തിൽ അവിശ്വാസം രേഖപ്പെടുത്തി.തെരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും സീറ്റുകൾ വർധിച്ചു. പ്രതിപക്ഷത്തിന്റെ ഒപ്പമുള്ള വോട്ട് പോലും അവർക്ക് സമാഹരിക്കാൻ കഴിഞ്ഞില്ല. 2024 ൽ എല്ലാ റെക്കോർഡും ഭേദിച്ച് ബിജെപിയും എൻഡിഎയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രതിപക്ഷം അംഗീകരിച്ചു'. പ്രധാനമന്ത്രി പറഞ്ഞു.

അവിശ്വാസ പ്രമേയത്തിൽ കേന്ദ്രസർക്കാറിനെതിരെ ഇന്നും രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഭരണപക്ഷത്തുനിന്ന് സംസാരിച്ചവരാരും മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണം ഇൻഡ്യാ എംപിമാർ ആവശ്യപ്പെട്ടു. രാഹുലിന്റെ ഇന്നലത്തെ പ്രസംഗത്തിലെ ചില വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

സംഘർഷം നൂറു ദിവസം പിന്നിട്ടിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്. സ്ത്രീകളെ നഗ്നരാക്കുകയും ബലാൽസംഗം ചെയ്യുന്നതും കാണുമ്പോൾ ബേട്ടി ബചാവോ ബേട്ടി പാടാവോ തുടങ്ങിയ പദ്ധതികൾ പി ആർ വർക്ക് മാത്രമാണെന്ന് ജനം മനസിലാക്കുന്നതായി പ്രതിപക്ഷം ആഞ്ഞടിച്ചു. മഹാഭാരതത്തിലെ ധൃതരാഷ്ട്രർ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത്‌ ആണെങ്കിൽ, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് . രാജാവ് അന്ധനാണെന്നു അധീർ പറഞ്ഞു തുടങ്ങിയപ്പോൾ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാർ രംഗത്ത് വന്നിരുന്നു.

ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേല്‍ 12 മണിക്കൂർ ആണ് ചർച്ച നടന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 'ഇൻഡ്യ' മുന്നണിയുടെ ചർച്ചയിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി. രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നൽകിയത് ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുൽ ഗാന്ധിയായിരുന്നു. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബിജെപി ഇതിനെ പ്രതിരോധിച്ചത്. മണിപ്പൂർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്നലെ സഭയിൽ വിശദീകരിച്ചിരുന്നു.


TAGS :

Next Story