Quantcast

പണമിടുന്നതിനിടെ ഭണ്ഡാരത്തിലേക്ക് ഐ ഫോൺ വീണു; ദൈവത്തിന്റെ അക്കൗണ്ടിലിട്ടത് തിരിച്ചെടുക്കാനാകില്ലെന്ന് അധികൃതർ, വലഞ്ഞ് യുവാവ്

ഫോൺ ആവശ്യപ്പെട്ടെങ്കിലും സിം മാത്രമാണ് അധികൃതർ തിരികെ നൽകിയത്. ഐ ഫോൺ ഇനി ക്ഷേത്രത്തിന്റെ സ്വത്താണെന്നായിരുന്നു വാദം

MediaOne Logo

Web Desk

  • Updated:

    2024-12-21 13:04:11.0

Published:

21 Dec 2024 12:15 PM GMT

i phone fell hundail_chennai
X

ചെന്നൈ: ഭണ്ഡാരപ്പെട്ടിയിൽ പണമിടുന്നതിനിടെ കൂടെപ്പോയത് ഒന്നാന്തരം ഒരു ഐ ഫോൺ. തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ ഇനിയത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ക്ഷേത്ര അധികൃതർ... തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് യുവാവിനെ വലച്ച സംഭവം.

വിനായകപുരം സ്വദേശിയായ ദിനേഷിനാണ് അബദ്ധം പറ്റിയത്. കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയതായിരുന്നു ദിനേശ്. ഭണ്ഡാരത്തിൽ ഇടാനായി പണം എടുക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് ഐ ഫോൺ പോയി. പുറത്തെടുക്കാൻ ഏറെ പണിപെട്ടെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര അധികൃതരെ ബന്ധപ്പെട്ടു. 'ദൈവത്തിന്റെ അക്കൗണ്ടിൽ ഇട്ടത് തിരിച്ചെടുക്കാനാകില്ല' എന്ന അധികൃതരുടെ മറുപടിയിൽ അന്തംവിട്ട ദിനേശ് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭണ്ഡാരപ്പെട്ടിയിൽ വീണതെന്തും ക്ഷേത്രത്തിന്റെ സ്വത്താണെന്നായിരുന്നു സമിതിയുടെ വാദം. തുടർന്ന്, ഭണ്ഡാരം തുറക്കുമ്പോൾ അറിയിക്കണമെന്ന് പരാതി എഴുതിനൽകിയ ശേഷം ദിനേശ് തിരിച്ചുപോയി. വെള്ളിയാഴ്‌ച തിരിച്ചുവന്ന് ഫോൺ ആവശ്യപ്പെട്ടെങ്കിലും സിം മാത്രം അധികൃതർ തിരികെ നൽകി. ഫോണിൽ നിന്ന് ഡാറ്റ എടുക്കാൻ അനുവാദം നൽകാമെന്നും പറഞ്ഞു. തുടർന്ന് സിം കൂടി ക്ഷേത്ര അധികൃതർക്ക് തിരികെ നൽകി ഫോണില്ലാതെ ദിനേശ് നിരാശയോടെ മടങ്ങി.

ശനിയാഴ്‌ച ഈ വിഷയം എച്ച്ആർ & സിഇ മന്ത്രി പി കെ ശേഖർ ബാബുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹവും 'ദൈവത്തിന് നൽകിയത് തിരിച്ചെടുക്കാനാകില്ല' എന്നുതന്നെ ആവർത്തിച്ചു. ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച്, ഭണ്ഡാരത്തിൽ സമർപ്പിക്കുന്ന ഏതൊരു വഴിപാടും ആ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. ഭക്തർക്ക് വഴിപാടുകൾ തിരികെ നൽകാൻ ഭരണസംവിധാനത്തെ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഭക്തർക്ക് നഷ്‌ടപരിഹാരം നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായല്ല തമിഴ്‌നാട്ടിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നെത്തിയ സംഗീത എന്ന ഭക്തയുടെ ഒന്നര പവന്റെ സ്വർണമാലയാണ് ഭണ്ഡാരത്തിലേക്ക് പോയത്. പഴനിയിലെ പ്രശസ്‌തമായ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലായിരുന്നു ഈ സംഭവം.

വഴിപാട് നടത്താനായി കഴുത്തിലെ തുളസിമാല അഴിക്കുന്നതിനിടെയാണ് സ്വർണമാല ഭണ്ഡാരത്തിലേക്ക് വീണുപോയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ക്ഷേത്ര അധികൃതർ മാല അബദ്ധത്തിൽ വീണതാണെന്ന് കണ്ടെത്തി. തുടർന്ന്, ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ ക്ഷേത്രം ഭരണസമിതി ചെയർമാൻ തന്റെ സ്വന്തം ചെലവിൽ അതേമൂല്യമുള്ള മറ്റൊരു സ്വർണമാല അവർക്ക് വാങ്ങിനൽകുകയായിരുന്നു.

1975 ലെ ഇൻസ്റ്റാളേഷൻ, സേഫ്ഗാർഡിംഗ്, അക്കൗണ്ടിംഗ് ഓഫ് ഹുണ്ടിയൽ റൂൾസ് അനുസരിച്ച് ഭണ്ഡാരത്തിലേക്കുള്ള വഴിപാടുകളെല്ലാം ക്ഷേത്രത്തിന്റേതായതിനാൽ ഒരു ഘട്ടത്തിലും അവ ഉടമക്ക് തിരികെ നൽകാനാകില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

TAGS :

Next Story