Quantcast

എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി, നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു: പ്രിയങ്കാ ഗാന്ധി

പ്രചാരണ ചുമതല വഹിച്ച പ്രിയങ്കാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണ് ഹിമാചൽ പ്രദേശിലുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-12-08 15:04:05.0

Published:

8 Dec 2022 2:58 PM GMT

എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി, നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു: പ്രിയങ്കാ ഗാന്ധി
X

ന്യൂഡൽഹി: ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

ഹിമാചലിൽ പ്രിയങ്കാ ഗാന്ധി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിലും പ്രിയങ്ക കൃത്യമായ പങ്കുവഹിച്ചെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. നിരവധി റാലികൾക്ക് നേതൃത്വം നൽകിയായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ''ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു''- പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് നേതാക്കളായ രാജീവ് ശുക്ല, ആനന്ദ് ശർമ്മ തുടങ്ങിയവർ പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് രംഗത്തെത്തി. പ്രചാരണ ചുമതല വഹിച്ച പ്രിയങ്കാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ പാർട്ടി പരാജയപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉൾപ്പെട്ട സംഘമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

സ്ത്രീകൾ, യുവാക്കൾ, ജീവനക്കാർ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തുള്ള ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി തയ്യാറാക്കുകയായിരുന്നു. സിർമൗർ, കംഗ്ര, സോളൻ, ഉന എന്നിവിടങ്ങളിലെ റാലികളിൽ അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തിക്കാട്ടി പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. 68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസ് 40 സീറ്റുകളിലാണ് വിജയിച്ചത്.

TAGS :

Next Story