Quantcast

ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി 30 വർഷത്തിന് ശേഷം പിടിയില്‍

മുംബൈ അഹമ്മദ് നഗർ സ്വദേശി അവിനാശ് ഭീം റാവു പവാറിനെയാണ് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-06-18 08:28:12.0

Published:

18 Jun 2023 8:15 AM GMT

the accused of double murder case were arrested after 30 years
X

മുംബൈ: മഹാരാഷ്ട്രയിലെ ലൊനാവലയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. അഹമ്മദ് നഗർ സ്വദേശി അവിനാശ് ഭീം റാവു പവാർ (49) നെയാണ് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ലൊനാവൽ സ്വദേശികളായ ധൻരാജ് തകർസി കുർവ (55), ഭാര്യ ധനലക്ഷ്മി തകർസി കുർവ (50) എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.

1993ലാണ് പവാറും സഹായികളായ അമോൽ ജോൺ കാലെ (ടില്ലു), വിജയ് അരുൺ ദേശായി എന്നിവരും മോഷണത്തിനായി ദമ്പതികളുടെ ഫ്‌ളാറ്റിൽ എത്തിയത്. എന്നിട്ട് മൂവരും ചേർന്ന് കയറുപയോഗിച്ച് ദമ്പതികളുടെ കഴുത്ത് ഞെരിക്കുകയും കത്തി കൊണ്ട് കുത്തികൊലപ്പെടുത്തുകയും ചെയ്തു. ശേഷം സ്വർണവും പണവുമായി കടന്നുകളഞ്ഞെന്ന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ദയാനന്ദ് നായക് പറഞ്ഞു.

ധൻരാജും ഭാര്യയും ഫ്‌ളാറ്റിനടുത്ത് ഒരു കട നടത്തിയിരുന്നു ഇവിടേക്ക് 19 വയസുകാരനായ പവാർ എല്ലായ്പ്പോയും സാധനം വാങ്ങാൻ വരാറുണ്ടായിരുന്നു. ഇങ്ങനെയാണ് പവാർ ദമ്പതികളുമായി ബന്ധം സ്ഥാപിച്ചത്. ഈ സമയം പവാർ ലൊനാവലയിൽ മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.

കൃത്യത്തിന് ശേഷം പവാർ വിവിധ നഗരങ്ങളിൽ താമസിക്കുകയും തന്റെ പേര് പോലും മാറ്റുകയും ചെയ്തിരുന്നു. 2018ൽ പവാറിന്റെ കൂട്ടാളികളായ കാലെയും ദേശായിയും പോലീസ് പിടിയിലായിരുന്നു. എന്നാൽ പവാർ ഒളിവിലായിരുന്നു. ഐ.പി.സി 302 (കൊലപാതകം), 120 ബി (ഗൂഢാലോചന) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പവാറിനെതിരെ കേസെടുത്തിട്ടുള്ളത്. പവാറിനെ ലൊനാവല പൊലീസിന് കൈമാറുമെന്ന് ക്രൈംബ്രാഞ്ച് ഡി.സി.പി രാജ് തിലക് റോഷൻ പറഞ്ഞു.

TAGS :

Next Story