Quantcast

ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ജാമിഅ സർവകലാശാലയിൽ ഖബറടക്കും

കുടുംബത്തിന്റെ ആവശ്യം സർവകലാശാല അംഗീകരിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-07-18 10:39:02.0

Published:

18 July 2021 10:36 AM GMT

ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ജാമിഅ സർവകലാശാലയിൽ ഖബറടക്കും
X

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രഫർ ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഡല്‍ഹി ജാമിഅ സർവകലാശാലയിൽ ഖബറടക്കും. കുടുംബത്തിന്റെ ആവശ്യം സർവകലാശാല അംഗീകരിക്കുകയായിരുന്നു. ഇന്നു വൈകീട്ട് ആറ് മണിയോടു കൂടി മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്‍റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് നടപടികൾ പൂർത്തിയാക്കിയാവും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. ജാമിഅ മിലിയ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ നിന്നുതന്നെയാണ് മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്.

താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ വെടിവെപ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണു കാണ്ഡഹാർ താവളത്തിൽനിന്നുള്ള അഫ്ഗാൻ സേനയ്ക്കൊപ്പം സംഘർഷം റിപ്പോർട്ട് ചെയ്യാനായി സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. 2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദീഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.‌

TAGS :

Next Story