5,000 രൂപയിൽനിന്ന് 5.8 ബില്യൺ ഡോളർ ആസ്തിയിലേക്ക് വളർന്ന വ്യവസായി; രാകേഷ് ജുൻജുൻവാലയെന്ന ബിസിനസ് രാജാവിന്റെ കഥ
ബിസിനസ് രംഗത്ത് ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം വിശേഷണങ്ങളുണ്ടായിരുന്ന വ്യക്തിയാണ് ജുൻജുൻവാല. ആകാശ എയർ വിമാനക്കമ്പനിയാണ് നിക്ഷേപരംഗത്ത് ജുൻജുൻവാലയുടെ ഏറ്റവും അവസാനത്തെ സംരംഭം.
ന്യൂഡൽഹി: 5,000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന് സ്വപ്രയത്‌നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ് ഇന്ന് രാവിലെ അന്തരിച്ച രാകേഷ് ജുൻജുൻവാല. രാജ്യത്തെ അതിസമ്പന്നരിൽ 36-ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 5.8 ബില്യൻ ഡോളറാണ്.
1960 ജൂലൈ അഞ്ചിന് മുംബൈയിലെ ഒരു മധ്യവർഗ കുടുംബത്തിലായിരുന്നു ജുൻജുൻവാലയുടെ ജനനം. മുംബൈയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. 1985ൽ 5,000 രൂപയുമായാണ് ആദ്യമായി സ്റ്റോക്ക് മാർക്കറ്റിലേക്കിറങ്ങിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.8 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
പിതാവിന്റെ വാക്കുകൾ കേട്ടാണ് താൻ ഓഹരി നിക്ഷേപരംഗത്ത് എത്തിയതെന്ന് ജുൻജുൻവാല ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓഹരി നിക്ഷേപരംഗത്ത് തന്റെ കരിയറിന്റെ തുടക്കം മുതൽ റിസ്‌കെടുക്കുന്ന ആളാണ് അദ്ദേഹം. 1986ൽ ടാറ്റാ ടീ ഷെയറുകൾ സ്വന്തമാക്കിയതോടെയാണ് ജുൻജുൻവാല ഓഹരിവിപണിയിൽ തന്റെ ഇടമുറപ്പിച്ചത്. ടാറ്റ ടീയുടെ 5,000 ഓഹരികൾ വെറും 43 രൂപക്ക് അദ്ദേഹം വാങ്ങി. പീന്നീട് ആ ഷെയറുകളുടെ മൂല്യം മൂന്ന് മാസത്തിനുള്ളിൽ 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികമാണ് അദ്ദേഹം ലാഭമുണ്ടാക്കിയത്. അടുത്ത മൂന്നു വർഷത്തിനുള്ള 20-25 ലക്ഷം രൂപ ജുൻജുൻവാല നേടി.
ഓഹരിവിപണിയിൽ അതികായകനായി വളർന്ന അദ്ദേഹം പിൽക്കാലത്ത് ആപ്‌ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്രോയ് ഹോട്ടൽസ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്ത് ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം വിശേഷണങ്ങളുണ്ടായിരുന്ന വ്യക്തിയാണ് ജുൻജുൻവാല. ആകാശ എയർ വിമാനക്കമ്പനിയാണ് നിക്ഷേപരംഗത്ത് ജുൻജുൻവാലയുടെ ഏറ്റവും അവസാനത്തെ സംരംഭം. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് അദ്ദേഹം കമ്പനി തുടങ്ങിയത്. നിലവിൽ രണ്ടു വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി വ്യോമയാനരംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് കമ്പനിയുടെ നെടുംതൂണായ ജുൻജുൻവാലയുടെ അന്ത്യം.
Adjust Story Font
16