ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓൺലൈൻ പോർട്ടൽ സജ്ജമാക്കും
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓൺലൈൻ പോർട്ടൽ സജ്ജമാക്കും. സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് ഇത്തരമൊരു നീക്കം .
പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കു വഴിവച്ച പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ആദ്യ പടിയായി ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ സജ്ജമാക്കും.
പൗരത്വ നിയമ ഭേദഗതിയെ കേരളമടക്കം ആറു സംസ്ഥാനങ്ങൾ എതിർത്തിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി. 2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
Adjust Story Font
16