Quantcast

'മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നില്ല'; ശിവ്‌രാജ് സിങ് ചൗഹാൻ

താൻ ബി.ജെ.പിയുടെ എളിയ പ്രവർത്തകൻ മാത്രമാണെന്നും മോദിയുടെ വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രയത്നിക്കുമെന്നും ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Dec 2023 9:58 AM GMT

madhya pradhesh Chief Minister,  Shivraj Singh Chauhan, bjp, latest malayalam news, മധ്യപ്രദേശ് മുഖ്യമന്ത്രി, ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ഭോപാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ മുഖമെന്ന് സൂചന നൽകി ശിവ്‌രാജ് സിങ് ചൗഹാൻ. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി നൽകുന്ന എന്ത് നിർദേശവും പാലിക്കുമെന്നുമാണ് ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞത്.

താൻ ബിജെപിയുടെ എളിയ പ്രവർത്തകൻ മാത്രമാണെന്നും മോദിയുടെ വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രയത്നിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള നേതാവിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.


മധ്യപ്രദേശിൽ 230 സീറ്റുകളിൽ 163 സീറ്റുകൾ നേടി ബിജെപി അധികാരം കൈപ്പിടിയിലാക്കിയപ്പോള്‍ കോൺഗ്രസ് 66 സീറ്റുകൾ മാത്രമാണ് നേടിയത്. 2003 മുതൽ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. 2018-ൽ കോൺഗ്രസിന്‍റെ കമൽനാഥ് സർക്കാർ അധികാരത്തിൽ എത്തിയെങ്കിലും കോൺഗ്രസ് എം.എൽ.എമാർ കൂറ് മാറിയതോടെ ഈ സർക്കാർ താഴെ വീഴുകയായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ചൗഹാന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ജനപ്രീതിയും ഉയർത്തിക്കാട്ടിയാണ് മധ്യപ്രദേശിൽ പ്രചാരണം നടത്തിയത്.


മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ചൗഹാൻ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.കോൺഗ്രസ് സ്ഥാനാർത്ഥി വിക്രം മസ്തൽ ശർമ്മയെ പരാജയപ്പെടുത്തി 1,04,974 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചൗഹാൻ തന്റെ മണ്ഡലത്തിൽ നിന്ന് ആറാം തവണയും വിജയിച്ചത്.

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് സിംഗ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റ് പേരുകൾ.


TAGS :

Next Story