Quantcast

‘പഞ്ചാബിനെ കേന്ദ്രം അപകീർത്തിപ്പെടുത്തുന്നു’; യുഎസിൽനിന്ന്​ നാടുകടത്തുന്നവരെ അമൃത്സറിലേക്ക്​ കൊണ്ടുവരുന്നതിനെതിരെ ഭഗവന്ത് മാൻ

‘പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പഞ്ചാബികളെ ഇഷ്ടമല്ല’

MediaOne Logo

Web Desk

  • Published:

    15 Feb 2025 7:36 AM

‘പഞ്ചാബിനെ കേന്ദ്രം അപകീർത്തിപ്പെടുത്തുന്നു’; യുഎസിൽനിന്ന്​ നാടുകടത്തുന്നവരെ അമൃത്സറിലേക്ക്​ കൊണ്ടുവരുന്നതിനെതിരെ ഭഗവന്ത് മാൻ
X

ന്യൂഡൽഹി: അമേരിക്കയിൽനിന്ന്​ നാടുകടത്തുന്ന ഇന്ത്യക്കാരെ അമൃത്സർ വിമാനത്താവളത്തിലേക്ക്​ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്​ മാൻ. പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം സംസ്ഥാനത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണ്​. ഇന്ത്യയിലുടനീളം വിമാനത്താവളങ്ങൾ ഉണ്ടായിരിക്കെ അമൃത്​സറിലേക്ക്​ മാത്രമായിട്ടാണ് വിമാനങ്ങൾ​ വരുന്നത്​.

ഈ വിഷയം താൻ ഇതിനകം തന്നെ വിദേശകാര്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും ഉന്നയിച്ചിട്ടുണ്ട്. പക്ഷേ തൃപ്തികരമായ മറുപടി ലഭിച്ചില്ല. ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള വിമാനം ലാൻഡ് ചെയ്തിരുന്നു. ഇപ്പോൾ രണ്ട് വിമാനങ്ങൾ കൂടി യാതൊരു ന്യായീകരണവുമില്ലാതെ ഇങ്ങോട്ട് അയയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബികളെ അന്യായമായി ലക്ഷ്യമിടുകയാണ്​. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് രക്തസാക്ഷികളായവരിലും ജയിലിലടയ്ക്കപ്പെട്ടവരിലും നാടുകടത്തപ്പെട്ടവരിലും 90 ശതമാനത്തിലധികവും പഞ്ചാബിൽ നിന്നുള്ളവരാണെങ്കിലും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പഞ്ചാബികളെ ഇഷ്ടമല്ലെന്നും ഭഗവന്ത്​ മാൻ പറഞ്ഞു.

പാകിസ്താൻ അതിർത്തിയിൽനിന്ന്​ കഷ്ടിച്ച് 40 കിലോമീറ്റർ അകലെയാണ് അമൃത്സർ​. അതിനാൽ തന്നെ സുരക്ഷാ ആശങ്കകളും അദ്ദേഹം ഉന്നയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമൃത്സറിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ വിസമ്മതിക്കുകയാണ്​. എന്നാൽ, ഒരു യുഎസ് സൈനിക വിമാനം ഇവിടെ ഇറങ്ങാൻ എങ്ങനെയാണ് അനുവദിക്കുന്നതെന്ന്​ അദ്ദേഹം ചോദിച്ചു.

അനധികൃത കുടിയേറ്റം ഒരു ദേശീയ പ്രശ്നമാണെന്നും എന്നാൽ, പഞ്ചാബിന് മാത്രമുള്ള ഒരു പ്രശ്നമായി ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടുകടത്തുന്നവരെ അപമാനിക്കുന്നതിനുപകരം അന്തസ്സോടെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ സ്വന്തം വിമാനം അയയ്ക്കണമായിരുന്നുവെന്നും ഭഗവന്ത്​ മാൻ കൂട്ടിച്ചേർത്തു.

TAGS :

Next Story