അഴിമതിക്കാലം കഴിഞ്ഞു, സർക്കാർ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ചാണ് ഇപ്പോൾ ജനസംസാരം: പ്രധാനമന്ത്രി
അതിർത്തികൾ 2014-ന് മുമ്പുള്ളതിനേക്കാൾ സുരക്ഷിതമാണെന്നും നരേന്ദ്രമോദി
കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ സർക്കാറിന്റെ കാലത്ത് സ്വജനപക്ഷപാതത്തെക്കുറിച്ചും കുംഭകോണങ്ങളെക്കുറിച്ചുമാണ് ജനങ്ങൾ സംസാരിച്ചിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ അഴിമതിയുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോൾ എല്ലാം മെച്ചപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷിംലയിൽ 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി' പദ്ധതിയുടെ ഭാഗമായി 'ഗരീബ് കല്യാൺ സമ്മേളന'ത്തിലെ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുമ്പ് പാളം തെറ്റിയ യു.പി.എ സർക്കാരിന്റെ പദ്ധതികളെ കുറിച്ചായിരുന്നു ജനങ്ങൾ സംസാരിച്ചിരുന്നത്. ഇന്ന് ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ന് മുമ്പ് വലിയ അഴിമതികൾ മാത്രമാണ് കാണാനായത്. പദ്ധതിയുടെ ഗുണം ജനങ്ങളിലേക്ക് എത്തിപ്പെടുന്നതിന് മുമ്പ് എങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടതെന്ന് രാജ്യം കണ്ടുവെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒമ്പത് കോടി വ്യാജ പേരുകൾ തന്റെ സർക്കാർ നീക്കം ചെയ്തതായും രാജ്യത്തിന്റെ അതിർത്തികൾ 2014-ന് മുമ്പുള്ളതിനേക്കാൾ സുരക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2014-ന് മുമ്പ് രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. നമ്മുടെ സൈനിക നീക്കങ്ങളിൽ അഭിമാനമാണുള്ളത്. നമ്മുടെ അതിർത്തി എന്നത്തേക്കാളും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'വോട്ട് ബാങ്ക് രാഷ്ട്രീയം നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകളായി ഉണ്ടായിരുന്നു. സ്വന്തം വോട്ട് ബാങ്ക് സൃഷ്ടിക്കുന്ന രാഷ്ട്രീയം രാജ്യത്തിന് വളരെയധികം ദോഷം ചെയ്തു. ഞങ്ങൾ പ്രവർത്തിക്കുന്നത് ഒരു വോട്ട് ബാങ്ക് സൃഷ്ടിക്കാനല്ല, മറിച്ച് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ്.' പ്രധാനമന്ത്രി വിശദമാക്കി. ബിജെപി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ഷിംലയിലെ റിഡ്ജ് മൈതാനത്ത് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിച്ചിരുന്നു. സമ്മേളന വേളയിൽ, രാജ്യത്തുടനീളമുള്ള ജനപ്രതിനിധികളിൽ നിന്ന് സർക്കാർ നടത്തുന്ന വിവിധ ക്ഷേമ പരിപാടികളെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം ആരാഞ്ഞു.
Adjust Story Font
16