ഡൽഹിയിൽ ബിജെപി സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് മുതൽ
മുൻ കെജ്രിവാൾ സർക്കാരിന്റെ കാലത്തെ ചെലവുകൾ വിശദമാക്കുന്ന സിഎജി റിപ്പോർട്ട് 25ന് സഭയിൽ വയ്‌ക്കും

ന്യൂ ഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് മുതൽ. സ്‌പീക്കർ തെരഞ്ഞെടുപ്പിനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കും നേതൃത്വം നൽകാൻ അരവിന്ദ് സിംഗ് ലവ‌്‌ലിയെ പ്രോടേം സ്‌പീക്കറായി തെരഞ്ഞെടുത്തു. മുൻ കെജ്രിവാൾ സർക്കാരിന്റെ കാലത്തെ ചെലവുകൾ വിശദമാക്കുന്ന സിഎജി റിപ്പോർട്ട് 25ന് സഭയിൽ വയ്‌ക്കും.
രാവിലെ 11ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും. ഉച്ചകഴിഞ്ഞാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. മുതിർന്ന നേതാവും രോഹിണി എം.എൽ.എയുമായ വിജേന്ദർ ഗുപ്‌തയാണ് സ്‌പീക്കർ സ്ഥാനാർത്ഥി. ഫെബ്രുവരി 25ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്നാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് നിർമ്മാണത്തിന്റെ അടക്കം ചെലവുകൾ വിവരിക്കുന്ന സി.എ.ജി റിപ്പോർട്ട് അവതരണം.
27ന് രാവിലെ 11 മണിക്ക് ലെഫ്റ്റനന്റ് ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയും ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സിഐജി റിപ്പോർട്ട് വെക്കുന്നത് പാസാക്കിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട സഭയിൽ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധമുണ്ടായിരിക്കും. ഇന്നലെ നടന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽ മുൻ മുഖ്യമന്ത്രി അതിഷിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഡൽഹി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളായി.
Adjust Story Font
16