Quantcast

ഉച്ചഭാഷിണി നിരോധനം, ഇറച്ചി വിൽപ്പന നിയന്ത്രണം; മധ്യപ്രദേശിൽ പുതിയ സർക്കാറിന്റെ ആദ്യയോഗ തീരുമാനം

ഉച്ചഭാഷിണി നിയമലംഘനം കണ്ടെത്താൻ എല്ലാ ജില്ലയിലും ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധന

MediaOne Logo

Web Desk

  • Published:

    14 Dec 2023 5:03 AM GMT

The first meeting of the new government in Madhya Pradesh decided to ban loudspeakers and control the sale of meat.
X

ഭോപ്പാൽ: ഉച്ചഭാഷിണി നിരോധനം, തുറന്നയിടങ്ങളിൽ ഇറച്ചി വിൽപ്പന നിയന്ത്രണം തുടങ്ങിയ തീരുമാനങ്ങൾ സ്വീകരിച്ച് മധ്യപ്രദേശിൽ പുതിയ സർക്കാറിന്റെ ആദ്യ യോഗം. ഡിസംബർ 13ന് പുതിയ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കടുത്ത ആർഎസ്എസ് പശ്ചാത്തലമുള്ളയാളാണ് ഉജ്ജൈൻ സൗത്തിൽ നിന്ന് ജയിച്ച മോഹൻ യാദവ്. മതകേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും അനുവദനീയ പരിധിക്കപ്പുറത്തുള്ള ഉച്ചഭാഷിണി ഉപയോഗം നിരോധിക്കാൻ യോഗം തീരുമാനിച്ചു.

സുപ്രിംകോടതി നിർദേശ പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ജില്ലയിലും ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധന നടത്തുമെന്നും നിയമലംഘനം കണ്ടാൽ മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കി. 2000ത്തിലെ മധ്യപ്രദേശ് നോയിസ് ആക്ട്, നോയിസ് പൊല്യൂഷ്യൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) നിയമത്തിലെ പ്രൊവിഷനുകളും സുപ്രിംകോടതി ഉത്തരവുകളും അനുസരിച്ചാണ് നടപടിയെന്ന് സർക്കാർ ഉത്തരവിൽ അറിയിച്ചു. നിയമം പാലിക്കാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നിയടങ്ങളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കുമെന്നും പറഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമവും കേന്ദ്ര വിജ്ഞാപനവുമനുസരിച്ച് തുറന്നയിടങ്ങളിലെയും ലൈസൻസില്ലാതെയുമുള്ള ഇറച്ചി-മുട്ട വിൽപ്പനയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം നടപ്പാക്കാൻ പൊലീസ്, പ്രാദേശിക ഭരണകൂടങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ ചേർന്ന് കാമ്പയിൻ നടത്തുമെന്നും അറിയിച്ചു.

യുപി അതിർത്തിയിൽ കർസേവകർ ക്രൂരതയ്ക്ക് ഇരയായ ഒരു കാലമുണ്ടായിരുന്നുവെന്നും ഇനി രാമക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ രാമഭക്തരെയും എല്ലാ ജില്ലയിലും സർക്കാർ സ്വാഗതം ചെയ്യുമെന്നും യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 58കാരനായ മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ശിവരാജ് സിംഗ് ചൗഹാന് ശേഷം ഒബിസി നേതാവായ ഇദ്ദേഹത്തിന് അവസരം ലഭിക്കുകയായിരുന്നു. ജഗദീഷ് ഡേവ്ഡ, രജീന്ദ്ര ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്.

ബിജെപി മൂന്നു മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ഉത്തരേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട്. ഓരോ സംസ്ഥാനത്തെയും സാമുദായിക പ്രതിനിധ്യം കണക്കിലെടുത്താണ് ഉപമുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തി ബാലൻസിങ്ങിനു ശ്രമിച്ചത്.

മധ്യപ്രദേശിൽ ഒബിസി, രാജസ്ഥാനിൽ ബ്രാഹ്മണ, ഛത്തീസ്ഗഡിൽ ആദിവാസി എന്നീ വിഭാഗങ്ങളിൽ നിന്നാണ് ബിജെപി, മുഖ്യമന്ത്രിമാരെ കണ്ടെത്തിയത്. 60 വയസ്സിനു താഴെയുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചത്.

ബിജെപി രാജസ്ഥാൻ ഭരിക്കാൻ തുടങ്ങിയ ശേഷം ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഭജൻ ലാൽ ശർമ്മ. ഗുജ്ജർ -മീണ വിഭാഗങ്ങൾ തമ്മിൽ പരസ്പരം പോര് നടക്കുന്നതിനാൽ ഇരു വിഭാഗത്തിൽ പെട്ടവരെയും ഒഴിവാക്കി. എട്ട് ശതമാനം ജനസംഖ്യയുള്ളവരും 30 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ളവരുമായ ബ്രാഹ്മണ വിഭാഗത്തിൽ നിന്നാണ് നേതാവിനെ കണ്ടെത്തിയത്. 10 ശതമാനം ജനസംഖ്യയുള്ള രാജ്പുത് വിഭാഗത്തിൽ നിന്നും ദിയ കുമാരിയെയെയും 17 .83 ശതമാനം ജനസംഖ്യയുള്ള പട്ടിക വിഭാഗത്തിൽ നിന്നും പ്രേം ചന്ദ് ഭൈരവയെയും ഉൾപ്പെടുത്തി. രാജസ്ഥാനിൽ ഇക്കഴിഞ്ഞ പത്ത് വർഷമായി മുഴുവൻ ലോക്സഭാ സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർഥികളാണ് ജയിക്കുന്നത്. ഇത്തവണ റിസ്‌ക് ഒഴിവാക്കാനാണ് കൃത്യമായ സന്തുലനം.

42 ശതമാനം ഒബിസിയുള്ള മധ്യപ്രദേശിൽ, ശിവരാജ് സിങ് ചൗഹാനെ മാറ്റിയാണ് പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നും രാജേന്ദ്ര ശുക്ല, പട്ടിക വിഭാഗത്തിൽ നിന്നും ജഗദീഷ് ദേവ്ഡ എന്നിവരെ ഉപമുഖ്യമന്ത്രി പദത്തിലും എത്തിച്ചു. 30.62 ശതമാനം ജനസംഖ്യയുള്ള പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ബിജെപി ആദ്യമായി മുഖ്യമന്ത്രി ആക്കിയത് വിഷ്ണു ദേവ് സായിയെയാണ്. ഒബിസിയിൽ നിന്നും അരുൺ സാവോയെയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നും വിജയ് ശർമ്മയെയും ഉപമുഖ്യമന്ത്രിമാരാക്കി. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ഒരു സീറ്റും ഛത്തീസ്ഗഡിൽ രണ്ട് സീറ്റും മാത്രമാണ് ബിജെപിയിൽ നിന്നും വഴുതിപ്പോയത്. തെക്കേ ഇന്ത്യയിൽ നിന്നുള്ള സീറ്റുകൾ കുറയുമെന്ന് കണക്കാക്കിയാണ് ഹിന്ദി ഹൃദയഭൂമിയിൽ സോഷ്യൽ എഞ്ചിനിയറിങ്ങിൽ ബിജെപി കൃത്യമായി ശ്രദ്ധിക്കുന്നത്. കന്നി എംഎൽഎയെ പോലും മുഖ്യമന്ത്രി ആക്കുന്നത് മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ലോക്സസഭാ തെരഞ്ഞെടുപ്പ് മാത്രം ശ്രദ്ധിച്ചാണ്.

TAGS :

Next Story