ആദ്യഘട്ട വോട്ടെടുപ്പ് പരോഗമിക്കുന്നു; ആദ്യ രണ്ടു മണിക്കൂറില്‍ 10.47 ശതമാനം പോളിങ്
പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തി നശിച്ചു
ഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോള്‍ 10.47 ശതമാനം പോളിങ് രേഖപെടുത്തി. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ പോളിങ് ബൂത്തുകളിലും രാവിലെ എഴു മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കെണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. വെറുപ്പിനെ വോട്ടിലൂടെ പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയും പറഞ്ഞു. അതേസമയം പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തി നശിച്ചു. സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്ന് ടി.എം.സി ആരോപിച്ചു. ബൂത്ത് ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപിയുടെ പക്കലിൽ ഉള്ളവയാണ്. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളിലേക്കുളള വോട്ടെടുപ്പും ഇന്ന് രാവിലെ ആരംഭിച്ചു. ഇതുവരെ തമിഴ്നാട്ടിൽ 12.55 ശതമാനം പോളിങ് രേഖപെടുത്തി. ഇവയ്ക്കുപുറമേ പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമിലെയും ഉത്തരാഖണ്ഡിലെയും അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും പശ്ചിമ ബംഗാളിൽ മൂന്നും, മണിപ്പുരില്‍ രണ്ടും സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഹെലികോപ്ടറുകൾ, പ്രത്യേക ട്രെയിനുകൾ ഒരു ലക്ഷത്തോളം വാഹനങ്ങൾ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സർബാനന്ദ സോനാവാൾ ,ജിതിൻ റാം മാഞ്ചി , ജിതിൻ പ്രസാദ ,നകുൽനാഥ് ,കനിമൊഴി ,അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും. ലോക്സഭ തിരഞ്ഞെടുപ്പിന് പുറമേ അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. രാത്രി എഴു മണിവരെയാണ് വോട്ടെടുപ്പ് നടക്കുക.
Adjust Story Font
16