''ഒരു കാരണവും വേണ്ട, ഏതു മാധ്യമവും സർക്കാരിന് അടച്ചുപൂട്ടാനാകും''- മീഡിയവൺ വിലക്കിൽ 'ഡെക്കാൻ ഹെറാൾഡ്' മുഖപ്രസംഗം
ദ ഹിന്ദു, ദ ഇന്ത്യൻ എക്‌സ്പ്രസ്, ഫ്രീപ്രസ് ജേണൽ, തെലങ്കാന ടുഡേ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്
കേന്ദ്രസർക്കാരിന്റെ മീഡിയവൺ സംപ്രേഷണവിലക്ക് ശരിവച്ച ഹൈക്കോടതി വിധിയിൽ ആശങ്കരേഖപ്പെടുത്തി ദേശീയമാധ്യമമായ 'ഡെക്കാൻ ഹെറാൾഡ്'. ഒരു തെളിവുമില്ലാതെ ദേശസുരക്ഷാ പ്രശ്‌നം ആരോപിച്ച് ഏതു മാധ്യമസ്ഥാപനവും പൂട്ടാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് വിധിയെന്ന് പത്രം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമെല്ലാം കോടതിക്കും സർക്കാരിനും ഇടയിൽമാത്രമുള്ള വിഷയമായിത്തീരുന്നത് അപകടകരമാണ്. എല്ലാ മാധ്യമസ്ഥാപനങ്ങളെയും ദുർബലമാക്കുന്നതാണ് വിധിയെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. ദ ഹിന്ദു, ദ ഇന്ത്യൻ എക്‌സ്പ്രസ്, ഫ്രീപ്രസ് ജേണൽ, തെലങ്കാന ടുഡേ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്.
മുഖപ്രസംഗത്തിന്റെ പൂർണരൂപം
മാധ്യമസ്വാതന്ത്ര്യത്തിന് അപകടകരം
മലയാളം വാർത്താചാനലായ മീഡിയവണിന്റെ സംപ്രേഷണാവകാശം റദ്ദുചെയ്യാനുള്ള കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ അടുത്തിടെയുണ്ടായ തീരുമാനവും കേരള ഹൈക്കോടതി അതിനു നൽകിയ അംഗീകാരവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും മാധ്യമ അവകാശങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങൾക്കാണിടയാക്കുക. കഴിഞ്ഞ മാസമാണ് ചാനലിന് ലൈസൻസ് പുതുക്കിനൽകുന്നത് തടഞ്ഞത്. നടപടിക്ക് ബലംനൽകുന്ന ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങൾ സർക്കാരിനുണ്ടെന്ന കാര്യം ബോധ്യപ്പെട്ടെന്നു പറഞ്ഞ് ഹൈക്കോടതി ഏകാംഗ ബെഞ്ച് ആ തീരുമാനത്തിനു മേലൊപ്പ് ചാർത്തുകയും ചെയ്തു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് സർക്കാർ കോടതിയോട് പറഞ്ഞത്. സ്വാഭാവികമായും ആ റിപ്പോർട്ടുകൾ പൊതുമണ്ഡലത്തിൽ ലഭ്യവുമല്ല.
അസ്വസ്ഥജനകമായ നിരവധി ചോദ്യങ്ങളുയർത്തുന്നതാണ് തീരുമാനം. ചാനലിന് ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ചാനലിന്റെ ഏതെങ്കിലും പരിപാടിയോ സംപ്രേഷണമോ ദേശസുരക്ഷാ (നിയമങ്ങൾ) ലംഘിക്കുകയോ അല്ലെങ്കിൽ അതിനു ഭീഷണിയാകുകയോ ചെയ്തതായി വ്യക്തമാക്കിയിട്ടില്ല. ദേശസുരക്ഷ സംരക്ഷിക്കൽ ഭരണനിർവഹണദൗത്യമാണ്, നിമയനിർമാണ വിഭാഗത്തിനും നീതിന്യായവ്യവസ്ഥയ്ക്കും അതിൽ അനുബന്ധമായ ചുമതലകളേയുള്ളൂവെന്നാണ് ജഡ്ജി പറഞ്ഞത്. വിധിന്യായത്തിൽ ഈയൊരു തീരുമാനത്തിലെത്താൻ ഭരണഘടനയെയല്ല, പകരം പുരാണഗ്രന്ഥമായ അത്രിസംഹിതയെയാണ് ആശ്രയിച്ചത്. ദേശസുരക്ഷ സർക്കാരിനുള്ള 'ഫ്രീ പാസ'ല്ലെന്ന പെഗാസസ് കേസിലെ സുപ്രിംകോടതി നിരീക്ഷണം ഈ കേസിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. നിരീക്ഷണം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു പകരം സ്വകാര്യതാ അവകാശത്തിന്റെ കാര്യത്തിൽ മാത്രമേ ബാധകമാകുകയുള്ളൂവെന്നും കോടതി പറഞ്ഞു. ഇത് ചോദ്യംചെയ്യപ്പെടേണ്ട വ്യാഖ്യാനമാണ്.
ഈ വിധിയുടെ പ്രത്യാഘാതങ്ങൾ ഇങ്ങനെയൊക്കെയാകുമെന്ന് വ്യക്തമാണ്: ഈ കേസിൽ ചെയ്തതുപോലെ സർക്കാർ മുദ്രവച്ച കവറിൽ ചില വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാൽ വിഷയം കോടതിക്കും സർക്കാരിനുമിടയിൽ തീരുമാനിക്കപ്പെടും. ഈ വിഷയത്തിൽ എന്താണ് കുറ്റമെന്ന് ചാനലിനോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ചാനലിന് സ്വയം പ്രതിരോധമൊരുക്കാനുള്ള അവസരവുമില്ലാതാകുന്നു. ഇത്തരം കേസുകളിൽ സ്വാഭാവികനീതിയുടെ തത്വങ്ങൾക്കും കോടതി ഇടപെടലിനും 'വളരെ പരിമിതമായ പങ്ക്' മാത്രമേയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ദേശസുരക്ഷാ പ്രശ്‌നം അടങ്ങിയിട്ടുണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളതെങ്കിൽ ബന്ധപ്പെട്ട കക്ഷികളോട് കോടതി കാരണം വ്യക്തമാക്കില്ലെന്നും കോടതി പറഞ്ഞു.
മുൻപും ചാനലുകൾക്കുനേരെ താൽക്കാലിക വിലക്കുണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കാരണവും നൽകാതെ എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ ഒരു ചാനലിന് ഉത്തരവ് ലഭിക്കുന്നത് ഇതാദ്യമായാണ്. ഇനി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിന് ആനുപാതികമായ തീരുമാനമായിരുന്നോ ഇത്? കേസിൽ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന മൗലികാവകാശം അപകടത്തിലാണെന്നതുകൊണ്ടുതന്നെ ഇത് സുപ്രധാനമാണ്. സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങളും കോടതിയെടുത്ത നിലപാടും എല്ലാ മാധ്യമസ്ഥാപനങ്ങളെയും ദുർബലമാക്കുന്നതാണ്. ഒരു തെളിവും ഹാജരാക്കാതെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതിയോട് പറഞ്ഞ് ഏതു പത്രവും ടെലിവിഷൻ ചാനലും പൂട്ടാൻ സർക്കാരിനാകും. എന്നാൽ, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുള്ള പൗരന്മാരുടെ അവകാശവും മാധ്യമസ്വാതന്ത്ര്യവുമൊന്നും അങ്ങനെ സർക്കാരിനും കോടതിക്കുമിടയിൽ മാത്രമുള്ള വിഷയമായിത്തീരാൻ പാടില്ല.
Summary: ''The government can close down any newspaper or TV channel by telling the court that it is a threat to national security, without producing any evidence'', notes Deccan Herald's editorial on MediaOne ban
Adjust Story Font
16