മതേതര ഇന്ത്യയുടെ നെഞ്ചിൽ ആഴത്തിലേറ്റ മുറിവ്: ബാബരിയുടെ ചരിത്രം പരിശോധിക്കുമ്പോൾ
1528ൽ മുഗൾ കമാൻഡറായിരുന്ന മീർ ബാഖിയാണ് മസ്ജിദ് പണി കഴിപ്പിച്ചത്. ആദ്യ മുഗൾ ചക്രവർത്തി ബാബറിന്റെ പേരുചേർത്താണ് അദ്ദേഹത്തിന്റെ ജനറലായിരുന്ന മീർ ബാഖി ബാബരി മസ്ജിദ് എന്നു നാമകരണം നടത്തുന്നത്
മതേതര ഇന്ത്യയുടെ നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് ബാബരി മസ്ജിദ് ധ്വംസനം. തകർക്കപ്പെട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ചരിത്രത്തിൽ ബാബരി മരിക്കാത്ത ഓർമയായി തുടരുകയാണ്. ബാബരിക്ക് പിന്നാലെ മറ്റനവധി മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെയും ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ബാബരി നിന്നിടത്ത് രാമക്ഷേത്രം ഉയർന്നു. പുതിയ പള്ളി പണികഴിപ്പിക്കാനായി അനുവദിച്ചുനൽകിയ സ്ഥലത്ത് ഇപ്പോഴും ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. സുപ്രിംകോടതിയുടെ അന്തിമവിധി വന്ന ശേഷം അഞ്ച് വർഷം പിന്നിടുന്ന വേളയിൽ, അയോധ്യയുടെ കർസേവയുടെ 32-ാം വാർഷികദിനത്തിൽ ബാബരിയുടെ ചരിത്രം ഒന്നു പരിശോധിക്കാം.
ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതി ചെയ്യുന്ന ബാബരി മസ്ജിദിന് 400 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1528ൽ മുഗൾ കമാൻഡറായിരുന്ന മീർ ബാഖിയാണ് മസ്ജിദ് പണി കഴിപ്പിച്ചത്. ആദ്യ മുഗൾ ചക്രവർത്തി ബാബറിന്റെ പേരുചേർത്താണ് അദ്ദേഹത്തിന്റെ ജനറലായിരുന്ന മീർ ബാഖി ബാബരി മസ്ജിദ് എന്നു നാമകരണം നടത്തുന്നത്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു ബാബരി മസ്ജിദ്.
രാമന്റെ ജന്മഭൂമിയിലാണ് ബാബരി മസ്ജിദ് നിലനിൽക്കുന്നതെന്ന ഹിന്ദു സംഘടനകളുടെ ആരോപണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രദേശത്തുണ്ടായിരുന്ന ഹിന്ദു ആരാധനാലയം തകർത്താണ് ബാബർ മസ്ജിദ് നിർമിക്കാൻ നിർദേശം നൽകിയതെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, ഈ വാദത്തിന് ചരിത്രപരമായ പിൻബലമില്ല. ബാബരി നിർമിക്കുന്നതിന് മുൻപ് പ്രദേശത്ത് ഹിന്ദു ആരാധനാലയങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും ചരിത്രാന്വേഷകർക്കു വ്യക്തതയില്ല. 16, 17, 18 നൂറ്റാണ്ടുകളിലൊന്നും പള്ളിയുമായി ബന്ധപ്പെട്ട് യാതൊരു അവകാശത്തർക്കങ്ങളും നടന്നതായി ചരിത്രരേഖകളില്ല.
ആദ്യ സംഘർഷം
1855ൽ അവധിലെ അവസാനത്തെ നവാബ് ആയിരുന്ന വാജിദ് അലി ഷായുടെ ഭരണകാലത്ത് അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രദേശത്ത് ഒരു ഹിന്ദു-മുസ്‌ലിം ലഹള നടന്നിരുന്നു. രണ്ട് വർഷങ്ങൾക്കുശേഷം ഹനുമാൻ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും വൈഷ്ണവ ബൈരാഗി വിഭാഗവും ബാബരി പള്ളിയുടെ തെക്കുകിഴക്കൻ ഭാഗം ബലമായി കൈയേറി അവിടെ ആരാധനക്കായി ചബൂത്ര എന്നറിയപ്പെടുന്ന ഒരു തറ കെട്ടിയുണ്ടാക്കി. രാമന്റെ ജന്മസ്ഥലം എന്നവകാശപ്പെട്ടായിരുന്നു നടപടി. ഇതിനെതിരെ മസ്ജിദ് ചുമതലയുള്ളവർ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി.
ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെയാണ് 1859ൽ ബ്രിട്ടീഷ് സർക്കാർ ഒരു മതിൽ പണിത് ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ആരാധനാ ഇടങ്ങൾ തമ്മിൽ വേർതിരിച്ചത്. ഹിന്ദുക്കൾ കിഴക്കുവശത്തെ ഗേറ്റ് വഴിയും മുസ്‌ലിംകൾ വടക്കുവശം വഴിയുമാണ് ആരാധനാലയത്തിനകത്തേക്ക് പ്രവേശിച്ചിരുന്നത്. നീണ്ടകാലം പ്രദേശത്ത് ഇരുവിഭാഗവും ആരാധന നടത്തിപ്പോന്നു. ഇവിടത്തെ കടന്നുകയറ്റത്തിനും അനധികൃത നിർമാണത്തിനുമെതിരെ പലതവണ മുസ്‌ലിംകൾ കോടതികളെ സമീപിച്ചെങ്കിലും കൂടുതൽ നടപടികൾ ഉണ്ടായില്ല.1885ൽ മഹന്ത് രഘുബീർ ദാസ് എന്നയാൾ പള്ളി നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്നും സ്ഥലത്തിന്റെ അവകാശം നേടാനായി വിവിധ നീക്കങ്ങൾ നടന്നു. 1934ലുണ്ടായ ഹിന്ദു-മുസ്‌ലിം കലാപത്തിൽ പള്ളിക്കും മിനാരത്തിനും കേടുപാടുകൾ സംഭവിച്ചു. ഇത് പിന്നീട് ബ്രിട്ടീഷ് ഭരണകൂടം പുതുക്കിപ്പണിതു.
ബാബരിയുടെ തകർച്ച
1949 ഡിസംബറിലാണ് പള്ളിയുടെ തകർച്ചയിലേക്ക് നയിച്ച പ്രശ്‌നങ്ങളുടെ ആരംഭം. ബാബരി മസ്ജിദിനുള്ളിൽ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഹിന്ദു മഹാസഭാ അംഗങ്ങൾ വിഗ്രഹം പള്ളിയിലേക്ക് ഒളിപ്പിച്ചുകടത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ, വിഗ്രഹം സ്വയംഭൂവായതാണെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. പിന്നാലെ പ്രദേശത്ത് സംഘർഷവും ഉടലെടുത്തു.
ഭൂമിയിൽ അവകാശവാദമുന്നയിച്ച് ഇരുകക്ഷികളും സിവിൽ കേസുകൾ ഫയൽ ചെയ്തു. 1949 ഡിസംബർ 29ന് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ നായർ ബാബരി മസ്ജിദിനെ തർക്കഭൂമിയായി പ്രഖ്യാപിച്ചു. പള്ളിയുടെ മുഖ്യകവാടം താഴിട്ടുപൂട്ടി. മുസ്‌ലിംകൾ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കി. അതേസമയം, ഹിന്ദുക്കൾക്ക് ആരാധന തുടരാനുള്ള അനുമതിയും നൽകി.
1980കളിൽ തന്നെ പ്രദേശത്ത് രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) പ്രചാരണപരിപാടികൾ ആരംഭിച്ചിരുന്നു. ബിജെപിയുടെ ഉറച്ച പിന്തുണയോടെയായിരുന്നു ഇത്. 1986ൽ ബാബരി പള്ളി പരിസരം ഹിന്ദു ആരാധനയ്ക്ക് തുറന്നുകൊടുക്കാമെന്ന് ഫൈസാബാദ് ജില്ലാ കോടതി പ്രഖ്യാപിച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പൂർണ സമ്മതത്തോടെയായിരുന്നു ഇത്. ഷാബാനു കേസിലൂടെ നഷ്ടപ്പെട്ട ഹിന്ദുക്കളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു രാജീവ് ഗാന്ധി സർക്കാർ.
1990 സെപ്തംബറിൽ ബിജെപി നേതാവ് എൽ.കെ അദ്വാനി അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു. ഉത്തരേന്ത്യയുടെ ഹൃദയഭൂമികളിലൂടെ സഞ്ചരിച്ച് ബാബരി സ്ഥിതി ചെയ്യുന്ന അയോധ്യയിലെത്തുന്ന തരത്തിലായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, റാലി പ്രദേശത്ത് എത്തുംമുൻപേ ബിഹാറിൽ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനുശേഷവും നിരവധി സംഘ്പരിവാർ പ്രവർത്തകർ യാത്ര തുടരുകയും പള്ളിയിൽ എത്തുകയും ചെയ്തു. ഇവിടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന അർധസൈനിക വിഭാഗവുമായി ഏറ്റുമുട്ടലുമുണ്ടായി. സംഭവത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു.
1992 ഡിസംബർ ആറിന്, സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബാബരി ഭൂമിയിലേക്ക് 1,50,000ത്തോളം വരുന്ന കർസേവകരുടെ മാർച്ച് സംഘടിപ്പിച്ചു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കൾ മാർച്ചിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അക്രമസംഭവങ്ങൾക്കും സംഘർഷത്തിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്ന് ഉച്ചയോടെ കർസേവകർ കാവിക്കൊടികളുമായി മസ്ജിദിനുള്ളിലേക്ക് കടന്നു. ചുരുങ്ങിയ സമയം കൊണ്ട് സുരക്ഷാസേനയെ കീഴടക്കുകയും പള്ളി ആക്രമിച്ച് തകർക്കുകയും ചെയ്തു. പിന്നാലെ രാജ്യത്താകമാകമാനമുണ്ടായ വർഗീയ സംഘർഷങ്ങളിൽ ഏകദേശം 2,000 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ വിഎച്ച്പി, അദ്വാനി, മുരളി മനോഹർ ജോഷി അടങ്ങുന്ന മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും 2020ൽ തെളിവുകൾ അവ്യക്തമാണെന്ന കാരണം ചൂണ്ടിക്കാട്ടി പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെവിട്ടു. ഏറെക്കാലം നീണ്ടുനിന്ന നിയമവ്യവഹാരങ്ങൾക്കൊടുവിൽ മസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടനകൾക്ക് നൽകി 2019 നവംബർ ഒൻപതിന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. പള്ളി നിർമിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തരവുണ്ടായിരുന്നു.
Adjust Story Font
16