കന്നുകാലികളെ അറുക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ്
കശാപ്പുശാലയോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്താതെയാണ് പുതിയ നിയന്ത്രണങ്ങളോടെ ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയത്
കവരത്തി: കന്നുകാലികളെ അറുക്കുന്നതിനും കൊണ്ടുപോകുന്നതിനും ലക്ഷദ്വീപില്‍ വീണ്ടും കർശന നിയന്ത്രണം. കശാപ്പുശാലയോ മറ്റു സൗകര്യങ്ങളോ ഏർപ്പെടുത്താതെയാണ് പുതിയ നിയന്ത്രണങ്ങളോടെ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയത്. കശാപ്പുകാരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ മീഡിയാവണിനോട് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ചൊവ്വാഴ്ച ഇറക്കിയ ഉത്തരവിലാണ് കന്നുകാലികളെ അറുക്കുന്നതിനും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ പറയുന്നത്.
രേഖാമൂലമുള്ള മുന്‍കൂർ അനുമതിയില്ലാതെ ലക്ഷദ്വീപിന് അകത്തേക്കും പുറത്തേക്കും കന്നുകാലികളെ കൊണ്ടുപോകുന്നത് ശിക്ഷാർഹമാണ്. മുന്‍കൂർ അനുമതിയില്ലാതെ തുറമുഖ വകുപ്പ് കന്നുകാലികളെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. കശാപ്പുശാലകളുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഓഫീസ് ഓർഡറില്‍ കുറച്ചുകൂടി കർക്കശമായ നിർദേശങ്ങളുമുണ്ട്.
കന്നുകാലികളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുക, അശാസ്ത്രീയമായ കശാപ്പ്, അറവുമാലിന്യം യഥാവിധം നിർമാർജനം ചെയ്യാതിരിക്കുക തുടങ്ങിയ കേസുകളില്‍ കർശന നടപടി സ്വീകരിക്കണം. ദ്വീപിലുള്ള മുഴുവന്‍ കന്നുകാലികളുടെയും താമസ സ്ഥലം, ടാഗ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം നല്‍കിയ ഫോമില്‍ രേഖപ്പെടുത്തി എല്ലാ ബുധനാഴ്ചകളിലും ഉദ്യോഗസ്ഥർ ഡയറക്ടർക്ക് റിപ്പോർട്ട് നല്‍കണം. തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ പറയുന്നു.
എന്നാൽ, ശാസ്ത്രീയമായ കശാപ്പും കന്നുകാലി പരിചരണവും ഉറപ്പാക്കാന്‍ ദ്വീപ് ഭരണകൂടം ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ദ്വീപ് ഭരണകൂടത്തിന്റേതായി ഒരു കശാപ്പുശാല പോലും ഇല്ല. ഒമ്പത് വെറ്റിനറി ഡോക്ടർമാരുടെ പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്. പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപ് അഡ്മിനിസ്ട്രേറ്ററായി എത്തിയ ശേഷമുള്ള അടിച്ചമർത്തലുകളുടെ ഭാഗമായാണ് രാഷ്ട്രീയ പാർട്ടികള്‍ ഈ ഉത്തരവുകളെയും കാണുന്നത്.
Adjust Story Font
16