അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ നൽകിയ സ്ഥലം മുസ്‌ലിംകളിൽ നിന്ന് പിടിച്ചെടുക്കണം; യോഗി ആദിത്യനാഥിന് കത്തുമായി ബിജെപി നേതാവ്
പള്ളി നിർമാണം എന്ന പേരിൽ പ്രദേശത്ത് ഭിന്നത സൃഷ്ടിക്കാനാണ് മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യമെന്നും യോഗി ഭരണത്തിൻ്റെ കീഴിൽ ഇത് നടത്താനായില്ലെന്നും ബിജെപി നേതാവ്
യുപി: അയോധ്യയിൽ മസ്ജിദ് നിർമിക്കാനായി സുപ്രിം കോടതി സുന്നി വഖഫ് ബോർഡിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്. 2019ലെ വിധിയുടെ ഉദ്ദേശ്യം പള്ളി നിർമിക്കാനായിരുന്നില്ല എന്നും സിങ് അവകാശപ്പെട്ടു.
പതിറ്റാണ്ടുകൾ നീണ്ട അയോധ്യ തർക്കത്തിൽ 2019 നവംബർ ഒമ്പതിനാണ് വിധി വന്നത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. വിധി പ്രകാരം ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിർമിക്കാൻ അനുവദിക്കുകയും അയോധ്യയിലെ തന്നെ ധന്നിപൂരിൽ പള്ളി പണിയുന്നതിനായി അഞ്ചേക്കർ അനുവദിക്കുകയുമായിരുന്നു.
കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോർഡിനായിരുന്നു മസ്ജിദ് നിർമിക്കാൻ അനുവാദം നൽകിയത്. അനുവദിച്ച ഭൂമിയിൽ മസ്ജിദിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ മസ്ജിദ് നിർമിക്കാനല്ല മുസ്‌ലിം സമുദായം ശ്രമിക്കുന്നത്, ഒരു മസ്ജിദിന്റെ മറവിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം. കത്തിലൂടെയാണ് രജനീഷ് സിങ് യോഗിയോട് തന്റെ ആവശ്യമുന്നയിച്ചിരിക്കുന്നത്.
'സുപ്രിം കോടതിയുടെ വിധിക്ക് വിപരീതമായി സുന്നി സെൻട്രൻ വഖഫ് ബോർഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിർമാണത്തിനായി ഏൽപ്പിച്ചവർ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യം ഒരിക്കലും അനുവദിച്ച സ്ഥലത്ത് പള്ളി നിർമിക്കലായിരുന്നില്ല, പള്ളി എന്ന പേരിൽ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കലായിരുന്നു. എന്നാൽ മുസ്‌ലിംകൾക്ക് അവരുടെ ലക്ഷ്യം താങ്കളുടെ ഭരണത്തിന്റെ കീഴിൽ നടത്താനായിട്ടില്ല' എന്നാണ് രജനീഷ് സിങ് യോഗിക്കെഴുതിയ കത്തിൽ കുറിച്ചിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിന് പ്രാർഥനയ്ക്ക് പള്ളികൾ ആവശ്യമില്ലെന്നും പള്ളി നിർമാണം എന്ന പേരിൽ പ്രദേശത്ത് സംഘർഷാവസ്ഥയും ഭിന്നതയും നിലനിർത്താൻ ശ്രമിക്കുകയാണ് എന്നും ബിജെപി നേതാവ് കത്തിൽ കൂട്ടിച്ചേർത്തു.
പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ബാബറുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാും ഹിന്ദുവികാരം വ്രണപ്പെടുത്താനുമാണ് മുസ്‌ലിം സമുദായം പുതിയ മസ്ജിദ് വഴി ശ്രമിക്കുന്നതെന്നും രജനീഷ് സിങ് പറഞ്ഞു.
2022ൽ താജ്മഹൽ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചയാളാണ് രജനീഷ് സിങ്. ബിജെപി നേതാവിന്റെ ആരോപണത്തിൽ പ്രതികരിക്കാൻ അയോധ്യ മസ്ജിദ് സെക്രട്ടറി അത്തർ ഹുസൈൻ വിസമ്മതിച്ചു.
1992 ഡിസംബർ ആറിനാണ് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് തകർത്തത്. കേസിൽ നിന്നിരുന്ന ഭൂമിയിലേക്ക് 1,50,000ത്തോളം വരുന്ന കർസേവകരുടെ മാർച്ച് സംഘടിപ്പിച്ചു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കൾ മാർച്ചിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അക്രമസംഭവങ്ങൾക്കും സംഘർഷത്തിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്ന് ഉച്ചയോടെ കർസേവകർ കാവിക്കൊടികളുമായി മസ്ജിദിനുള്ളിലേക്ക് കടന്നു. ചുരുങ്ങിയ സമയം കൊണ്ട് സുരക്ഷാസേനയെ കീഴടക്കുകയും പള്ളി ആക്രമിച്ച് തകർക്കുകയും ചെയ്തു. പിന്നാലെ രാജ്യത്താകമാകമാനമുണ്ടായ വർഗീയ സംഘർഷങ്ങളിൽ ഏകദേശം 2,000 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ വിഎച്ച്പി, അദ്വാനി, മുരളി മനോഹർ ജോഷി അടങ്ങുന്ന മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും 2020ൽ തെളിവുകൾ അവ്യക്തമാണെന്ന കാരണം ചൂണ്ടിക്കാട്ടി പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെവിട്ടു. ഏറെക്കാലം നീണ്ടുനിന്ന നിയമവ്യവഹാരങ്ങൾക്കൊടുവിൽ മസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടനകൾക്ക് നൽകി 2019 നവംബർ ഒൻപതിന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. പള്ളി നിർമിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തരവിടുകയായിരുന്നു.
Adjust Story Font
16