ഡല്‍ഹി മദ്യനയക്കേസ്; ഇ. ഡി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും
അരവിന്ദ് കെജ്‌രിവാളിന്‍റെയും കെ കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന് സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും. ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാളിന്റെ ഹരജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇ. ഡിക്ക് നോട്ടീസ് അയക്കുകയും 24നകം മറുപടി നൽകണമെന്ന് നിർദേശിക്കുകയുമായിരുന്നു.
അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെയും ബി.ആര്‍.എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിഹാര്‍ ജയിലിലാണ് ഇരുവരും ഇപ്പോഴുള്ളത്.
പ്രമേഹ രോഗിയായ കെജ്‌രിവാള്‍, തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഡല്‍ഹി കോടതി തള്ളിയിരുന്നു. അതേ സമയം കെജരിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.
ഡൽഹി സർക്കാരിൻ്റെ മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16