പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു പരാതിപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്തത്
ബിലാസ്പൂർ: ഛത്തീസ്ഗഡിലെ രത്തൻപൂർ പട്ടണത്തിൽ ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു നൽകിയ പരാതിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ജനങ്ങളും വ്യാപാരികളും ചില ഹിന്ദു സംഘടനകളും ഞായറാഴ്ച ബന്ദ് ആചരിച്ചു. ബന്ദിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു പരാതിപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.
മാർച്ചിൽ രത്തൻപൂരിൽ താമസിക്കുന്ന 19 കാരിയായ യുവതി നാട്ടുകാരനെതിരെ ബലാത്സംഗ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന്കുറ്റാരോപിതനായ യുവാവിന്റെ അമ്മാവൻ തന്റെ അനന്തരവനെതിരായ കേസ് പിൻവലിക്കാൻ അതിജീവതയേയും അമ്മയെയും സമ്മർദം ചെലുത്തി. ഇരുവരേയും കള്ളക്കേസിൽ കുടുക്കുമെന്നും പ്രതിയുടെ അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നു.
മെയ് 19 ന് അതിജീവിതയുടെ അമ്മ പ്രതിയുടെ അമ്മാവന്‍റെ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രത്തൻപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച നിരവധി പ്രദേശവാസികൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.
Adjust Story Font
16